നീളം 300 മീറ്റർ

ചെലവ് 15 ലക്ഷം

കോൺക്രീറ്റ് ചെയ്തത് കുടിവെള്ള പൈപ്പിനുമുകളിൽ

കുടിവെള്ളവിതരണവും അവതാളത്തിൽ

ദുരിതമായി ഗതാഗതതടസവും

നീലേശ്വരം: നഗരസഭയിലെ എട്ടാം വാർഡിൽ പണിയുന്ന ഓവുചാൽ നിർമ്മാണം പാതി വഴിയിൽ. വള്ളിക്കുന്ന് താലൂക്ക് ആശുപത്രി റോഡിൽ നിന്ന് പള്ളിക്കരയിലേക്ക് പോകുന്ന വഴിയിലാണ് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി 300 മീറ്ററിൽ ഓവുചാൽ പണിയുന്നത്. 15 ലക്ഷം രൂപ ചെലവിൽ പണിയുന്ന ഓവുചാലിന്റെ പണി കഴിഞ്ഞ മാർച്ചിൽ തീർക്കേണ്ടതായിരുന്നു. എന്നാൽ ജൂലായ് പകുതിയായിട്ടും കരാറുകാരൻ ഇപ്പോൾ മെല്ലെപോക്ക് തുടരുകയാണ്.

പണിതീർത്ത ഭാഗത്താകട്ടെ, ഇതുവഴി കടന്നു പോകുന്ന കുടിവെള്ള പൈപ്പിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്തതിനാൽ പൊളിച്ചുമാറ്റേണ്ട അവസ്ഥയിലുമാണ്. മിക്കയിടങ്ങളിലും ഓവുചാലിനു മുകളിൽ സ്ലാബ് പാകിയിട്ടുമില്ല. പൈപ്പിനു മുകളിലെ കോൺക്രീറ്റ് പൊളിക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് കുടിവെള്ളം വിതരണം ഭാഗികമായി മാത്രമെ നടക്കുന്നുമുള്ളൂ. കരാറുകാരന്റെ അനാസ്ഥയാണ് പണി ഇത്തരത്തിലാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഓവുചാലിന്റെ പണി നടക്കുന്ന ദിവസങ്ങളിൽ താലൂക്ക് ആശുപത്രി - പള്ളിക്കര റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.