container-ship

കണ്ണൂർ: സംസ്ഥാനത്ത് കപ്പൽ ചരക്ക് ഗതാഗതം ആഗസ്റ്റ് ആദ്യ വാരം മുതൽ പൂർണതോതിലാവും. ഗുജറാത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ ശ്രീകൃഷ്ണ ഗ്രൂപ്പിന്റെ 22 കപ്പലുകൾ ഇതിനായി ഉപയോഗിക്കും. എമിഗ്രേഷൻ ക്ളിയറൻസ് അടുത്ത ആഴ്ചയോടെ ലഭ്യമാകും.

ഇപ്പോൾ പേരിനു മാത്രമാണ് സർവീസ്. പുതിയ കപ്പലുകൾ വരുന്നതോടെ എല്ലാദിവസവും ചരക്ക് ഗതാഗതം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തുറമുഖ വകുപ്പ്. കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചായിരിക്കും കണ്ടെയ്നർ കപ്പലുകളുടെയും ബാർജുകളുടെയും സർവീസ്. ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് അഴീക്കലേക്ക് കപ്പൽ വരും. കൊച്ചിയിൽ നിന്ന് ടൈൽസ്, പ്ളൈവുഡ് എന്നിവ കൊണ്ടുവരുന്ന കപ്പൽ അഴീക്കലിൽ നിന്ന് കൈത്തറിയും കാപ്പിയും കുരുമുളകും തിരിച്ചു കൊണ്ടുപോകും.

തുറമുഖവകുപ്പും കശുഅണ്ടി വ്യവസായികളും ഏറ്റവും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് തോട്ടണ്ടി കൊണ്ടുവരുന്നതിലാണ്. ആഫ്രിക്കൻ രാജ്യങ്ങൾ, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് വരുന്ന തോട്ടണ്ടി കൊച്ചി വല്ലാർപാടത്തും തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തും ഇറക്കി റോഡ് മാർഗമാണ് കൊല്ലത്തും മറ്റുമെത്തിക്കുന്നത്. കപ്പൽ ഗതാഗത പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഇതിന്റെ 20 ശതമാനമെങ്കിലും കൊണ്ടുവരാനാകും. മേജർ തുറമുഖമായ കൊച്ചിക്ക് പുറമെ 17 നോൺ മേജർ തുറമുഖങ്ങളും സംസ്ഥാനത്തുണ്ട്.

ചരക്ക് കടത്ത് നിലവിൽ

64 ശതമാനം: റോഡ് വഴി

34 ശതമാനം: ട്രെയിനിൽ

2 ശതമാനം: കപ്പൽ, ബാർജ്

കപ്പലിന്റെ ഗുണം

1.ചരക്ക് കടത്ത് കൂലിയിൽ വലിയ കുറവ്

2. തൊഴിലവസരം വർദ്ധിപ്പിക്കും

3. അന്തരീക്ഷ മലിനീകരണം കുറയും


'ചരക്ക് കപ്പൽ സർവീസിന് സർക്കാർ 97 കോടി രൂപ അനുവദിച്ചു. കേന്ദ്രത്തിന്റെ സാഗർമാല പദ്ധതിയിൽ നിന്ന് കുറഞ്ഞത് 2000 കോടിയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. വേണ്ടി വന്നാൽ സ്വകാര്യ സംരംഭകരുടെ സഹായവും തേടും".

രാമചന്ദ്രൻ കടന്നപ്പള്ളി,

തുറമുഖ വകുപ്പ് മന്ത്രി