കണ്ണൂർ:ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനത്തിനു പുറമെ സെക്രട്ടറിയുടെ നാവിന് കോർപറേഷൻ ഭരണപക്ഷം കൂച്ചുവിലങ്ങിടുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ വാക്കേറ്റം. നഗരത്തിൽ ബങ്കുകളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പത്താമത്തെ അജൻഡയുടെ ചർച്ചയിൽ തുടങ്ങിയ ബഹളം പതിനാലാമത്തെ അജൻഡയുടെ ചർച്ച വരെ നീണ്ടു. സെക്രട്ടറി മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം . സെക്രട്ടറിയുടെ മറുപടി കേൾക്കാൻ കൗൺസിലർമാർക്ക് അവകാശമുണ്ടായിരിക്കെ മേയർ റൂളിംഗ് പുറപ്പെടുവിക്കുകയല്ല വേണ്ടതെന്ന് മുൻ ഡെപ്യൂട്ടി മേയർ കൂടിയായ സി. സമീറിന്റെ വാദം.
പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ സെക്രട്ടറി എഴുന്നേൽക്കുമ്പോഴേക്കും മേയർ നടപടികൾ അവസാനിപ്പിച്ച് റൂളിംഗ് നൽകിയിരുന്നു.
മേയറുടെ റൂളിംഗിന് ശേഷം സെക്രട്ടറിക്ക് സംസാരിക്കാൻ പറ്റില്ലെന്ന ചട്ടം ഭരണപക്ഷം ചൂണ്ടിക്കാട്ടി. ചട്ടം ശരിയാണെങ്കിലും ഇത് കൗൺസിലർമാരുടെ അവകാശങ്ങൾ നിഷേധിക്കലാണെന്നായിരുന്നു
സമീറിന്റെ വാദം.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കുകളുടെ നവീകരണ അജൻഡ വന്നപ്പോഴും നഗരത്തിലെ ബങ്കുകളുടെ ലൈസൻസ് പുതുക്കി നൽകുന്നതിനെ കുറിച്ചുള്ള അജൻഡകളാണ് പരിഗണിച്ചതെങ്കിലും ബങ്കുകളിൽ അനധികൃതമേത്, ഇതിനെതിരെ എന്ത് നടപടിയെടുത്തു തുടങ്ങിയ വിഷയമാണ് കൗൺസിലിൽ ചൂടൂപിടിച്ചത്.
പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട അജൻഡ ചർച്ചക്ക് വന്നപ്പോൾ ഇടതുപക്ഷ സ്വതന്ത്ര അംഗം തൈക്കണ്ടി മുരളീധരനാണ് അനധികൃത ബങ്കുകളെ കുറിച്ച് ചർച്ചയ്ക് തുടക്കം കുറിച്ചത്. പാർക്കുകൾ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മോടിപിടിപ്പിക്കുമ്പോൾ നേട്ടമുണ്ടാവുന്നത് കോർപറേഷനല്ലെന്നും പാർക്കുകളുടെ സമീപത്തുമുള്ള അനധികൃത ബങ്കുകൾക്കാണെന്നും മുരളീധരൻ പറഞ്ഞു.
ചാല ബൈപ്പാസിലെ അനധികൃത തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ വേണ്ടി വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുകയാണ്. അതിനാൽ അനധികൃത തട്ടുകടകൾക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നായിരുന്നു താഴെചൊവ്വ ഡിവിഷൻ കൗൺസിലർ എ ഷഹീദയുടെ ആവശ്യം.
. ഡപ്യൂട്ടി മേയർ പി കെ രാഗേഷ്, അഡ്വ. ടി ഒ മോഹനൻ, എൻ. ബാലകൃഷ്ണൻ , വെള്ളോറ രാജൻ, എം ഷഫീഖ്, ആർ രഞ്ജിത്ത്, അഡ്വ. ഇന്ദിര, അഡ്വ. ലിഷ ദീപക്, സാഹിന മൊയ്തീൻ, കെ പ്രമോദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ഫയലുകൾ അപ്രത്യക്ഷമായതിനെ കുറിച്ചും ബഹളം
കഴിഞ്ഞ നഗരസഭാ ഭരണകാലത്ത് അടച്ചുപൂട്ടിയ ബങ്കിന്റെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട അജൻഡയും ബഹളത്തിലെത്തി. ആരോഗ്യ വിഭാഗം കൈകാര്യം ചെയ്യുന്ന ഫയൽ കാണാനില്ലെന്ന് കുറിപ്പിൽ രേഖപ്പെടുത്തിയതിനെതിരെ സി. സമീർ പ്രതികരിച്ചു. കൗൺസിൽ യോഗത്തിന് മുമ്പാകെ ഫയൽ പോലും കാണാതെ എങ്ങിനെയാണ് ഈ വിഷയം ചർച്ച ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.
നഗരസഭാ ഭരണകാലത്ത് നിയമപ്രകാരമാണ് ബങ്കുകൾ അനുവദിച്ചത്. എന്നാൽ ഇപ്പോൾ എല്ലായിടങ്ങളിലും അനധികൃത ബങ്കുകൾ നിരന്നിരിക്കുകയാണെന്നും സമീർ പറഞ്ഞു.