കണ്ണൂർ: കാമ്പസുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങളുടെ നിലപാടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ ആണെങ്കിൽ എം.ജി കോളേജുൾപ്പെടെ മറ്റ് ചില കാമ്പസുകളിൽ എ.ബി.വി..പിയാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകൾ സർഗസംവാദത്തിന്റെ കേന്ദ്രങ്ങളാകണം. ജനാധിപത്യരീതിയിൽ പരസ്പരം മത്സരിച്ചാണ് വിജയിക്കുകയോ ആരുടെ നിലപാടുകളാണ് ശരിയെന്ന് തീരുമാനിക്കുകയോ ചെയ്യേണ്ടത്. എ..ഐ..എസ്..എഫിന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കിട്ടിയാൽ ജനാധിപത്യം പൂർണ്ണമായി എന്ന് അഭിപ്രായമില്ല. എല്ലാ സംഘടനകളും ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാകേണ്ടത്. പി..എസ്..സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിന്റെ അധികൃതർ വാർത്താസമ്മേളനത്തിൽ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയതാണ്. ഒന്നും ഒളിച്ചുവെച്ചില്ല. ചില കാര്യങ്ങൾ വാർത്തയിൽ നിറയുമ്പോൾ മറ്റ് ചില കാര്യങ്ങളാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നും കാനം പറഞ്ഞു.