ഇരിട്ടി : മേഖലയിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം , വൈകുന്നേരം രാമായണ പാരായണം, ഭഗവതി സേവ എന്നിവ നടക്കും. 21 ന് ക്ഷേത്രാചാര്യൻ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ത്രികാല പൂജ, രാത്രി ഭഗവതി സ്ഥാനത്ത് ഗുരുതി തർപ്പണം , കർക്കിടക വാവ് ദിവസമായ 31 ന് പിതൃതർപ്പണം എന്നിവ നടക്കും. കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലും, കീഴൂർ വൈരേഘാതകൻ ക്ഷേത്രത്തിലും എല്ലാ ദിവസവും വൈകുന്നേരം രാമായണ പാരായണം നടക്കും.
കൈരാതി കിരാത ക്ഷേത്രത്തിൽ കർക്കിടക സംക്രമ ദിവസമായ ഇന്ന് രാമായണ മാസാചരണത്തിന് തുടക്കമാകും. രാവിലെ 11 മണിക്ക് ഡോ . രമേഷ് ഹരിഹരൻ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യും. കെ. കെ. ചൂളിയാട് പ്രഭാഷണം നടത്തും. 20 ന് ആദ്ധ്യാത്മിക പ്രഭാഷണ സമിതിയുടെ നേതൃത്വത്തിൽ രാമായണ മനന സത്രം , എല്ലാദിവസവും രാമായണ പാരായണം , എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 മണിക്ക് രാമായണ വിചാരസദസ്സ് എന്നിവയും ക്ഷേത്രത്തിൽ നടക്കും.
ആറളം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ എല്ലാ ദിവസവും രാമായണ പാരായണം നടക്കും. തന്തോട് ചോംകുന്ന് ശിവക്ഷേത്രം , മീത്തലെ പുന്നാട് ചെലപ്പൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, പായം കാടമുണ്ട മഹാവിഷ്ണു ക്ഷേത്രം, കീഴ്പ്പള്ളി പാലരിഞ്ഞാൽ മഹാദേവക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണം നടക്കും.