കാസർകോട്: കാസർകോട് നഗരത്തിൽ തെരുവുവിളക്ക് കത്താത്തതിലും മത്സ്യമാർക്കറ്റിലെ മാലിന്യപ്രശ്‌നം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി. കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി.

ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം അജണ്ട വായിക്കാൻ തുടങ്ങിയപ്പോഴാണ് ബി.ജെ.പി കൗൺസിലർ പി.രമേശിന്റെ നേതൃത്വത്തിൽ 12 അംഗങ്ങൾ പ്ലകാർഡ് ഏന്തി ചെയർപേഴ്‌സണിന്റെ ഇരിപ്പിടത്തിന് മുന്നിൽ മുദ്രാവാക്യ വിളികളുമായി എത്തിയത്.
ബീഫാത്തിമ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തികഞ്ഞപരാജയമാണെന്നും ലീഗ് ജില്ലാ നേതൃത്വം ഇടപെട്ട് ബീഫാത്തിമ ഇബ്രാഹിമിനെ പുറത്താക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ബഹളത്തിനിടയിൽ കൗൺസിൽ യോഗത്തിൽ 19 അജണ്ടകൾ തിടുക്കത്തിൽ പാസാക്കി.

ആരോപണങ്ങൾ

കഴിഞ്ഞ എട്ടുമാസമായി നഗരസഭയിലെ തെരുവുവിളക്കുകൾ കത്താതായിട്ട്. ചില വാർഡുകളിൽ ഒന്നര വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നഗരം സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറി.

കോടികൾ ചിലവഴിച്ച് നിർമ്മിച്ച മത്സ്യ മാർക്കറ്റിലെ മലിനജലം ഒഴുക്കിവിടാൻ സൗകര്യമില്ല. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ തൊഴിലാളികൾക്കും അവിടെയെത്തുന്നവർക്കും രോഗം പടരുകയാണ്.

ബി.ജെ.പിയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്

ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം

പടം ........................
കാസർകോട് നഗരസഭാ യോഗത്തിൽ ബി ജെ പി അംഗങ്ങൾ ചെയർപേഴ്‌സന്റെ ചേംബറിനടുത്തു പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നു