20 ദിവസം കൊണ്ട് നടേണ്ട നാട്ടി ഒന്നരമാസമായിട്ടും നടാനായിട്ടില്ല.

കാഞ്ഞങ്ങാട്: കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് നല്ല രീതിയിൽ ഇടപെടുമ്പോൾ കർഷകരുടെ നട്ടെല്ലൊടിക്കുന്ന സമീപനമാണ് തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്ന് ആക്ഷേപം. ഇതുമൂലം പുല്ലൂർ പെരിയ പഞ്ചായത്തിലെ 10, 11 വാർഡുകളായ വിഷ്ണുമംഗലം, നടുവട്ടംവയൽ പാടശേഖരത്തിൽ കൃഷിപ്പണിയെടുക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

20 ദിവസം കൊണ്ട് നടേണ്ട നാട്ടി ഒന്നരമാസമായിട്ടും നടാനായിട്ടില്ല. തൊഴിലാളികളെ കിട്ടാത്തതും കൂലി വർദ്ധനവുമാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി കൃഷിയാവശ്യത്തിന് അനുവദിക്കാതെ കൃഷി ഇറക്കുന്ന സമയത്ത് തൊഴിലുറപ്പ് പണിക്ക് അനുമതി കൊടുക്കുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കൃഷി ആവശ്യത്തിന് തൊഴിലുറപ്പ് ഉപയോഗിക്കുകയോ കൃഷിയിറക്കുന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതി നിർത്തി വയ്ക്കുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.