തളിപ്പറമ്പ്: വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിതരണം ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയെ തളിപ്പറമ്പ് പൊലീസ് പിടികൂടി. പെരുമ്പാവൂരിലെ ഇയാളുടെ ഗോഡൗണിൽ നിന്നും നൂറ് കണക്കിന് വ്യാജ ദിനേശ് ബീഡി കെട്ടുകളും 5 ലക്ഷം വ്യാജബീഡി നിർമ്മിക്കാനുള്ള സാമഗ്രികളും പിടിച്ചെടുത്തു.രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ(55)യാണ് തളിപ്പറമ്പ് എസ്.ഐ കെ.പി.ഷൈൻ പയ്യന്നൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
കേരളത്തിലും കർണാടകത്തിലുമാണ് ഈയാളുടെ സംഘം വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിൽപ്പന നടത്തിവന്നത്. ത. പെരുമ്പാവൂരിലെ കെ.എസ് അർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഗോഡൗൺ റെയ്ഡ് ചെയ്താണ് അഞ്ച് ലക്ഷം കെട്ട് വ്യാജ ബീഡി നിർമാണ സാമഗ്രികളും നൂറ് കണക്കിന് ദിനേശ് ബീഡി കെട്ടുകളും പിടികൂടിയത്.ഇയാളുടെ സംഘത്തിൽ പെട്ട എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിൽ ഏത്തക്കാട്ട് ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ അലകനാൽ ഷാജി ജോസഫ് (38), പുതിയതെരു അരയമ്പത്തെ കരിമ്പിൻകര കെ. പ്രവീൺ (43) എന്നിവരെ കഴിഞ്ഞ മാസം 26 ന് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തിതിരുന്നു.
ചെമ്പന്തൊട്ടി, ചപ്പാരപ്പടവ്, ആലക്കോട്, നടുവിൽ, കരുവഞ്ചാൽ, ചെറുപുഴ, നല്ലോമ്പുഴ, ചിറ്റാരിക്കാൽ, കമ്പല്ലൂർ, പാലാവയൽ പ്രദേശങ്ങളിൽ ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ മാർക്കറ്റിംഗ് മാനേജർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ദിനേശ് ബീഡി സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ബീഡി വിൽപ്പന നന്നായി നടക്കുന്നുണ്ടെങ്കിലും ദിനേശ് ബീഡി സംഘത്തിൽ നിന്നുള്ള ബീഡി പേരിന് പോലും ഇവിടങ്ങളിലെ ഒരു കടകളിലും ഉണ്ടായിരുന്നില്ല. ദിനേശ് ബീഡിയുടെ അതേ രീതിയിലുള്ള പാക്കിംഗിൽ വ്യാജ ബീഡിയായിരുന്നു വിറ്റിരുന്നത്. തുടർന്ന് കേന്ദ്ര സംഘം ഡയരക്ടർ എം.ദാസൻ ഡി വൈ. എസ് .പി ടി.കെ.രത്‌നകുമാറിനെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. ഡിവൈ.എസ്.പിയുടെ നടന്ന അന്വേഷണത്തിലാണ് രണ്ട് പേർ നേരത്തെ അറസ്റ്റിലായത്. ഇവർ അറസ്റ്റിലായതറിഞ്ഞതോടെ പെരുമ്പാവൂരിൽ
പ്രധാന വ്യാജബീഡി നിർമ്മാണ കേന്ദ്രത്തിൽ നിന്ന് രാജീവൻ മുങ്ങിയത്
ഇതിന്റെ നടത്തിപ്പുകാരൻ രാജീവൻ വ്യാജബീഡി നിർമാണത്തിലൂടെ കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്.ഇയാൾക്ക് തമിഴ്‌നാട്ടിലെ തേനി, കമ്പം പ്രദേശങ്ങളിൽ ഫാം ഹൗസുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.നൂറിലേറെ ഏജന്റുമാരും ഇയാളുടെ കീഴിൽ ബീഡി വിപണന രംഗത്തുണ്ട്. 12 കെട്ട് ബീഡി അടങ്ങിയ പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മിഷൻ ലഭിക്കുന്നുണ്ട്. തമിഴ്‌നാട് ശിവകാശിയിലെ മുരുകനാണ് ദിനേശ് ബീഡിയുടെ മോഡലിലുള്ള വ്യാജ സീൽ പതിച്ച കവറുകളും മറ്റു സാമഗ്രികളും എത്തിച്ചിരുന്നത് .തിരുനെല്ലിയിലെ ജോൺസന്റെ നേതൃത്വത്തിലാണ് തമിഴ് നാട്ടുകാരായ നൂറ് കണക്കിന് തൊഴിലാളികൾ വ്യാജ ബീഡി നിർമ്മിച്ച് നൽകിയിരുന്നത്.