കണ്ണൂർ: ആന്തൂർ ആഘാതത്തിൽ നിന്ന് കര കയറുന്നതുൾപ്പടെയുള്ള വിഷയങ്ങളെ കുറിച്ച് ആലോചിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി നാളെ ചേരും. കോൺഗ്രസ് ഉൾപ്പടെയുള്ള സംഘടനകൾ ആന്തൂരിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സി.പി.. എമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് യോഗം.കഴിഞ്ഞ ആഴ്ച ചേരാൻ നിശ്ചയിച്ച ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസൗകര്യത്തെ തുടർന്ന് നാളെത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു..
സാജന്റെ ആത്മഹത്യയിൽ ഉന്നതതല ഗൂഢാലോചന ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യമാണ് ഭാര്യ ബീന ഇപ്പോൾ ഉയർത്തുന്നത്. അപവാദ പ്രചാരണവുമായി പാർട്ടി ഇനിയും മുന്നോട്ടുപോയാൽ സാജന്റെ വഴി തന്നെ തിരഞ്ഞെടുക്കേണ്ടി വരുമെന്ന ബീനയുടെ പ്രസ്താവനയും പാർട്ടിയെ കുഴപ്പിച്ചിട്ടുണ്ട്. നഗരസഭയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് പാർട്ടി നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ഇനി അന്വേഷണം എങ്ങിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തിൽ അന്വേഷണ സംഘവും ആശയക്കുഴപ്പത്തിലാണ്.