കണ്ണൂർ: സി..പി.. എം തണലിൽ കേരളത്തിലെ പല കോളേജ് കാമ്പസുകളും അധോലോക കേന്ദ്രങ്ങളായി അധ:പതിച്ചിരിക്കുകയാണെന്ന് ബി..ജെ..പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എസ്..എഫ്‌..ഐ നേതാക്കളും ഒരു വിഭാഗം കോളേജ് പ്രിൻസിപ്പൽമാരും ഇടത് സഹയാത്രികരായ അദ്ധ്യാപകരും ചേർന്ന മാഫിയ റാക്കറ്റുകളാണ് കാമ്പസുകളെ ഭരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഫാസിസ്റ്റ് ഗുണ്ടാരാജാണ് കാമ്പസുകളിൽ എസ്..എഫ്‌..ഐയുടെ നേതൃത്വത്തിൽ നടക്കുന്നത്. മറ്റ് സംഘടനകൾക്ക് കാമ്പസുകളിൽ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ സംഘടനാ സ്വാതന്ത്യം നിഷേധിക്കുകയാണ്. കോളേജിനെ മറ്റൊരു യൂണിവേഴ്‌സിറ്റി കോളേജാക്കി മാറ്റാനുളള നീക്കമാണ് നടക്കുന്നത്. ഇതുവരെ എസ്..എഫ്‌..ഐ പ്രവർത്തകരാണ് ബോർഡുകളും കൊടിമരങ്ങളും നശിപ്പിച്ചിരുന്നതെങ്കിൽ ബ്രണ്ണൻ കോളേജിൽ പ്രിൻസിപ്പൽ നേരിട്ട് ഗുണ്ടകളുടെ ദൗത്യം ഏറ്റെടുക്കുകയാണ്. കോളേജും മാഫിയാ റാക്കറ്റിന്റെ കീഴിലാണെന്ന് ഇത് തെളിയിക്കുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ എ..ബി..വി..പിയുടെ പതാക മാത്രം എടുത്തു കൊണ്ടു പോയതെന്ന് അദ്ദേഹം ചോദിച്ചു.

സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റവരേയും മുന്നോട്ട് പോകുമെന്നും ജനാധിപത്യ ധ്വംസനത്തിന് പൊലീസ് സമാധാനം പറയേണ്ടി വരുമെന്നും പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി..ജെ..പി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവരും പങ്കെടുത്തു.