മട്ടന്നൂർ: മട്ടന്നൂർ വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ ഇലക്ട്രോണിക് വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതാപഠനം തുടങ്ങി. വ്യവസായ പാർക്കിൽ ഇവാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വ്യവസായ പാർക്കിന് ഏറ്റെടുത്ത ഭൂമിയിൽ 10 ഏക്കർ സ്ഥലമാണ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന യൂണിറ്റിനായി മാറ്റിവെക്കുക. പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് സാധ്യതാപഠനം നടത്തുന്നത്.

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്, ബോട്ട്, ഇരുചക്ര,മുച്ചക്ര വാഹനങ്ങൾ എന്നിവ നിർമ്മിക്കാനാണ് പദ്ധതി. ഇവ നിരത്തിലിറങ്ങുന്നതോടെ ഇവയ്ക്കുള്ള ചാർജിംഗ് യൂണിറ്റുകളും സ്ഥാപിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംരംഭം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഉൾപ്പടെ ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നേരത്തെ ചർച്ച നടത്തിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്. വ്യവസായ സംരംഭങ്ങൾക്കായി 140 ഏക്കർ സ്ഥലമാണ് വെള്ളിയാംപറമ്പിൽ കിൻഫ്ര ഏറ്റെടുത്തിട്ടുള്ളത്.