തലശ്ശേരി : ഗവ. ബ്രണ്ണൻ കോളേജിൽ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിൻസിപ്പൽ പിഴുതുമാറ്റിയതുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ ഇന്നലെയും തുടർന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഫൽഗുനൻ പിഴുത് മാറ്റിയ കൊടിമരം അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കാനുള്ള എ.ബി.വി.പിയുടെ നീക്കമാണ് സംഘർഷത്തിന് കാരണമായത്. ഇന്നലെ ഉച്ചയ്‌ക്ക് പുതിയ കൊടിമരവുമായി എ.ബി.വി.പി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ഇതോടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കാമ്പസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ രാഷ്ട്രീയ സാഹോദര്യ കലാജാഥ എത്തിയ ശേഷം കടത്തിവിടാമെന്ന ഡിവൈ.എസ്.പി.യുടെ നിർദ്ദേശത്തെത്തുടർന്ന് പ്രവർത്തകർ ശാന്തരായി. പ്രവർത്തകർ പിന്നീട് കൊടിമരം പുനഃസ്ഥാപിച്ചു. അനുമതി കൂടാതെ റോഡിലൂടെ പ്രകടനം നടത്തിയതിന് അമ്പതോളം പേർക്കെതിരെ ധർമ്മടം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഴപ്പങ്ങൾ ഒഴിവാക്കാൻ കോളേജിൽ വിദ്യാർത്ഥി സംഘടനകളുടെയും പൊലീസ് സ്റ്റേഷനിൽ സർവകക്ഷി പ്രതിനിധികളുടെയും യോഗം ചേരുന്നുണ്ട്. അതേസമയം കൊടിമരം പുനഃസ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഫൽഗുനൻ പറഞ്ഞു. ചില സംഘപരിവാർ നേതാക്കളിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്. ഇത് മരണ മൊഴിയായി നൽകി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എ.ബി.വി.പി കൊടിമരം സ്ഥാപിക്കുന്നതിന് തങ്ങൾ എതിരല്ലെന്ന് എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.