24 മഹിളാപ്രധാൻ ഏജന്റുമാർ ഈ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു
കാഞ്ഞങ്ങാട്: സ്വന്തംസ്ഥലമുണ്ടായിട്ടും കനത്തവാടകയിൽ രണ്ടിടത്തായി പ്രവർത്തനം നടത്തുന്ന തപാൽ ഓഫീസ് ഇടപാടുകാരെ വട്ടം കറക്കുന്നു. കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസിനെ ആശ്രയിക്കുന്ന വൃദ്ധരും വികലാംഗരും ഇതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്.
നാലുപതിറ്റാണ്ടു മുമ്പ് സബ് പോസ്‌റ്റോഫീസായി പ്രവർത്തിച്ച അതേകെട്ടിടത്തിലാണ് ഇന്നും ഹെഡ്‌പോസ്‌റ്റോഫീസിന്റെ പ്രവർത്തനം. സ്ഥലപരിമിതി മൂലം സേവിംഗ്സ് ബാങ്ക് സെക്ഷൻ, സബ് ഡിവിഷണൽ ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവ ബേക്കൽ ഇന്റർ നാഷണൽ ഹോട്ടൽ കെട്ടിടത്തിന്റെ രണ്ടാം നില വാടകയ്‌ക്കെടുത്താണ് പ്രവർത്തനം.
മുമ്പ് സേവിംഗ്സ് അക്കൗണ്ടിലൂടെ കൊടുത്തിരുന്ന സാമൂഹ്യസുരക്ഷാപെൻഷനുകൾ സഹകരണ ബാങ്കുകളിലേക്ക് മാറ്റിയെങ്കിലും റെയിൽവേ, ടെലികോം, തപാൽ മുതലായ കേന്ദ്രസർക്കാർ സർവീസുകളിൽനിന്ന് റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലൂടെയാണ് കൊടുത്തുവരുന്നത്. ഇതിനുപുറമെ 24 മഹിളാപ്രധാൻ ഏജന്റുമാർ ഈ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ഇവർ മുഖാന്തരമുള്ള അക്കൗണ്ടുകൾ കാലാവധി പൂത്തിയാകുമ്പോൾ ചെക്കാണ് കൊടുക്കേണ്ടതെങ്കിൽ നിക്ഷേപകർ പ്രധാന ഓഫീസിൽകൂടി പോകേണ്ടിവരുന്നു. വെസ്‌റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ അമ്പതിനായിരത്തിനു മുകളിലാണെങ്കിൽ പോസ്റ്റ് ഓഫീസ് എസ്.ബി അക്കൗണ്ടിലാണ് ക്രെഡിറ്റ് ചെയ്യുന്നത്. ഇവരും പോസ്റ്റ് ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ സെക്യൂരിറ്റി നിക്ഷേപങ്ങൾ (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്) എടുക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള പ്ലെഡ്ജിങ് ഫീസ് അടയ്‌ക്കേണ്ടത് പ്രധാന ഓഫീസിലും ഇടപാട് നടത്തേണ്ടത് സേവിംഗ്സ് ബാങ്ക് സെക്ഷനിലുമാണ്. ഭാരമേറിയ തപാൽ ഉരുപ്പടികൾ ചുമന്ന് രണ്ടാം നിലയിൽ എത്തിക്കുന്ന ജീവനക്കാരുടെ പ്രയാസം വേറെ.
സ്ഥലങ്ങൾ നിരവധി, എന്നിട്ടും
കെട്ടിടം നിർമിക്കാൻ സൗകര്യപ്രദമായ നിരവധി സ്ഥലമുണ്ടായിട്ടാണ് കനത്ത വാടക നൽകി ജനങ്ങളെ ബുദ്ധിമുട്ടിച്ച് പോസ്റ്റ് ഓഫീസ് രണ്ടുസ്ഥലത്തായി പ്രവർത്തിക്കുന്നത്. ടെലികോം ഹെഡ്‌പോസ്റ്റ് ഓഫീസ് കെട്ടിടം നിൽക്കുന്ന സ്ഥലത്തും ദുർഗ ഹൈസ്‌കൂൾ ജംഗ്ഷനിൽ പി ആൻഡ് ടി ക്വാർട്ടേഴ്‌സ് നിൽക്കുന്ന സ്ഥലത്തും സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കാവുന്നതാണ്. നേരത്തെ പി. കരുണാകരൻ എം.പിയായിരുന്നപ്പോൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പ്രയാസത്തിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല
എൻ.എഫ്.പി.ഇ സംസ്ഥാന ട്രഷറർ സി.കെ അശോക് കുമാർ