കാഞ്ഞങ്ങാട്: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും റോഡു ഗതാഗതവും തടസ്സപ്പെട്ടു. നഗരത്തിൽ നോർത്ത് കോട്ടച്ചേരി മുതൽ തെക്കേപുറം വരെ കെ.എസ്.ടി.പി റോഡ് പുഴയായി മാറി. റോഡിൽ തളംകെട്ടിനിൽക്കുന്ന വെള്ളം കടന്നുവേണം ആവശ്യക്കാർക്ക് വ്യാപാര സ്ഥാപനങ്ങളിലേക്കെത്താൻ. പുതിയകോട്ട പോസ്റ്റോഫീസിന് മുന്നിലെ റോഡിലും വെള്ളക്കെട്ടുകളാണ്.

കനത്തമഴയ്ക്കു പിന്നാലെ നഗരത്തിലെ ഗതാഗതക്കുരുക്കും മുറുകി. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന യാത്രക്കാർ മുട്ടോളം നനഞ്ഞുകൊണ്ട് യാത്രചെയ്യേണ്ട ഗതികേടിലാണ്. ഓട്ടോറിക്ഷയിലാണെങ്കിൽ റിക്ഷനിറയെ വെള്ളം കയറി യാത്രക്കാർ നനയുന്ന അവസ്ഥയാണുളളത്. ചെറുവാഹനങ്ങളുടെ സ്‌പെയർപാട്‌സുകളിൽ വെള്ളം കയറി തകരാറ് സംഭവിക്കുന്നതും പതിവായിട്ടുണ്ട്.

റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് നാട്ടുകാരെയും യാത്രക്കാരെയും പ്രയാസത്തിലാക്കിയിരിക്കുന്നത്. ഇതുവഴി യാത്രചെയ്യുന്ന നൂറുകണിക്കിന് സ്‌കൂൾ വിദ്യാർത്ഥികളുടെ അവസ്ഥ ദയനീയമാണ്.

അതേസമയം, ഈ വെള്ളക്കെട്ടിന് എങ്ങിനെ പരിഹാരം കാണണമെന്ന കാര്യത്തിൽ ആശങ്കയിലാണ് നഗരസഭയും കെ.എസ്.ടി.പി അധികൃതരും. ടി.ബി റോഡ്, കൊവ്വൽപള്ളി, മഡിയൻ, മാണിക്കോത്ത്, ചിത്താരി, ഭാഗങ്ങളിലെല്ലാം തന്നെ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിലും ജില്ലാആശുപത്രി - പുതുവൈ റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.