കണ്ണൂർ: വിത്തുപത്തായം പദ്ധതി ആരംഭിച്ചിട്ടു മാസങ്ങൾ പിന്നിടുമ്പോഴേക്കും വൈൻഡിംഗ് മെഷീൻ പണി മുടക്കി. നല്ല വിത്തുകൾക്കായുള്ള കർഷകരുടെ നെട്ടോട്ടത്തിനു വിരാമമിട്ടു അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ കർഷകർക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച വിത്തു പത്തായമാണു വിത്തില്ലാതെ കിടക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപത്തെ മെഷീനാണു കേടായിരിക്കുന്നത്. 8.4 ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കിയത്. കരിമ്പം ഫാമിൽ നിന്നാണു അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ എത്തിക്കുന്നത്. ചീര, പയർ, വഴുതന, മത്തൻ കുമ്പളം തുടങ്ങി 16 ഓളം വിത്തിനങ്ങളാണു പത്തായത്തിലുള്ളത്. 40 ഇനം വിത്തുകൾ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലുളള പത്തായത്തിൽ ഇപ്പോൾ ഒൻപത് ഇന വിത്തുകൾ മാത്രമാണുള്ളത്. ആവശ്യാനുസരണം പത്തിന്റെയോ ഇരുപതിന്റെയോ നോട്ടുകൾ പത്തായത്തിൽ നിക്ഷേപിച്ചാൽ വിത്തു ലഭിക്കും. എന്നാൽ പണം മെഷീൻ എടുക്കാതായിട്ടു ദിവസങ്ങളോളമായി. മെഷീൻ ഇത്തരത്തിൽ പലതവണ കേടാകാറുണ്ട്. ദിവസേന നിരവധി പേരാണു വിത്തിനായി പത്തായത്തെ സമീപിക്കുന്നത്.
മാർച്ച് ഏഴിനാണു ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപം വിത്ത് പത്തായത്തിന്റെ പ്രവർത്തനം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, മൃഗാശുപത്രി എന്നിവയ്ക്കു സമീപമാണു നിലവിൽ മൂന്നു വിത്തു പത്തായങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
10 രൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള വിത്തിനം ലഭിക്കുന്ന രീതിയിലുള്ള വൈൻഡിംഗ് മെഷീനാണു വിത്ത് പത്തായം. പണം നിക്ഷേപിച്ചതിനു ശേഷം ആവശ്യമായ വിത്തിന്റെ കോഡ് രേഖപ്പെടുത്തിയാൽ വിത്ത് ആവശ്യക്കാരന്റെ കൈയിലെത്തും