കണ്ണൂർ: കൊയിലാണ്ടിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അക്കൗണ്ട് ഉടമ അറിയാതെ 80,000 രൂപ എ.ടി.എം വഴി അജ്ഞാതർ തട്ടിയെടുത്തിരുന്നു. ചണ്ഡീഗഢ്, ഡൽഹി തുടങ്ങിയിടങ്ങളിൽ നിന്ന് രണ്ടുദിവസങ്ങളിലായാണ് പണം പിൻവലിച്ചത്. കഴിഞ്ഞദിവസം തളിപ്പറമ്പ് പട്ടുവത്തെ ദമ്പതികളുടെ അക്കൗണ്ടിൽ നിന്ന് 60,000 രൂപ നഷ്ടമായി. അക്കൗണ്ടിൽ ആധാർ ലിങ്ക് ചെയ്യാനെന്ന് പറഞ്ഞ് ഹിന്ദിയിൽ ഫോൺ എത്തിയിരുന്നു. മൂന്ന് ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങൾ ഫോൺ വഴി നല്കിയപ്പോൾ നിമിഷങ്ങൾക്കകമാണ് പണം നഷ്ടമായത്.
കൊല്ലം കൊട്ടാരക്കരയിൽ അടുത്തിടെ അക്കൗണ്ട് വിവരങ്ങൾ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതായ പരാതിയുമുണ്ടായി. തളിപ്പറമ്പിൽ പുളിമ്പറമ്പിൽ ഇത്തരത്തിലൊരു പരാതിയുമായി ഒരു വീട്ടമ്മ പൊലീസിനെ സമീപിച്ചു. ഇങ്ങനെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പൊലീസും അങ്കലാപ്പിലാവുകയാണ്. ഹൈടെക് തട്ടിപ്പ് സംഘങ്ങൾ നിരന്തരം തട്ടിപ്പ് രീതികൾ മാറ്റുന്നതാണ് പൊലീസിനെയും കുഴപ്പിക്കുന്നത്.
രാജസ്ഥാനിലെ ആൽവാർ, ഹരിയാനയിലെ ഗുരുഗ്രാം, പിണഗാവ്, ബംഗാൾ, യു.പിയിലെ നോയ്ഡ എന്നിവിടങ്ങളിലൊക്കെയാണ് ഈ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രമെന്ന് പൊലീസ് പറയുന്നു. നേരത്തെ എ.ടി.എം കൗണ്ടറുകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കൂടുതലും കാർഡുകളിലെ വിവരങ്ങൾ ചോർത്തിയെടുത്ത് ഒപ്പിക്കുന്നതാണ്.
ഉത്തരേന്ത്യയിൽ ചില ബാങ്ക് മാനേജർമാരെ സ്വാധീനിച്ച് കെ.വൈ.സി നൽകാതെ വ്യാജ ആധാർ നൽകി അക്കൗണ്ട് തുടങ്ങുകയാണ് തട്ടിപ്പുകാരുടെ രീതിയെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ബ്ലോക്ക് ആയിരുന്ന എ.ടി.എം കാർഡ് പുതുക്കാൻ അപേക്ഷ നൽകിയ ഉടൻ വിളിക്കുന്ന തട്ടിപ്പ് സംഘവുമുണ്ട്. എ.ടി.എം കൗണ്ടറുകളിൽ പണം പിൻവലിച്ച് കിട്ടിയില്ലെന്ന് ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവം കണ്ണൂരിലുണ്ടായിരുന്നു. ഇത്തരത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ ടൗണിലായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജയ് കണ്ണാടിപ്പറമ്പ് പറഞ്ഞു.
ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നവരുടെ വിവരം ചോർത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുമുണ്ട്. വൻകിട ഹോട്ടലുകളിൽ ഭക്ഷണം ബുക്ക് ചെയ്യുന്നതാണ് മറ്റൊരു അടവ്. ബുക്കിംഗിന് ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നില്ലെന്നും പറഞ്ഞ് അക്കൗണ്ട് നമ്പറിനൊപ്പം ഒ.ടി.പി വാങ്ങിയും തട്ടിപ്പ് അരങ്ങേറുന്നു. വ്യാജ ആപ്ലിക്കേഷൻ വഴിയും വിവരങ്ങൾ ചോർത്തിയെടുക്കുന്നുണ്ട്.
വേണം കൂടുതൽ സൈബർ സ്റ്റേഷനുകൾ
സൈബർ കേസുകൾ ഒരു ജില്ലയിൽ ഒരു മാസം 30 എണ്ണമെങ്കിലും രജിസ്റ്റർ ചെയ്യുന്നതായാണ് പറയുന്നത്. ഇവ കൈകാര്യം ചെയ്യാൻ എല്ലാ ജില്ലകളിലും സൈബർ പൊലീസ് സ്റ്റേഷനുകൾ രൂപീകരിക്കണമെന്നാണ് ആവശ്യം. ബംഗ്ലാദേശിൽ നിന്നും നിയമ വിരുദ്ധമായി കുടിയേറിയ കൊടും ക്രിമിനലുകളിലേക്കുവരെ ഇത്തരം അന്വേഷണം നീളാറുണ്ട്. പുതുതായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കുന്ന പതിവുമുണ്ട്. ഇതിലൊരു കേസിലെ പ്രതി ഹിലാൽ ശിക്കാർ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നുണ്ട്. സംഘത്തിലെ മണിക്, ഇല്ല്യാസ് എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.