ഇരിട്ടി (കണ്ണൂർ): ഉളിക്കൽ മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പിലുണ്ടായിരുന്ന മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലിനെയാണ് (31) കാണാതായത്. ജീപ്പ് ഓടിച്ചിരുന്ന ഷാജു കാരിത്തടം, വിൽസൺ പള്ളിപ്പുറം,ജോയ്ലറ്റ് എന്നിവർ നീന്തി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മാട്ടറയിൽ നിന്നു മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നു പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചപ്പാത്തിന് മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തിൽ ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. ഇരിട്ടിയിൽ നിന്നുമെത്തിയ അഗ്‌നിശമനസേനയും ഉളിക്കൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ശക്തമായ കുത്തൊഴുക്കിൽ പെട്ട ലിധീഷിനെയും വെള്ളത്തിൽ മുങ്ങിപ്പോയ ജീപ്പും കണ്ടെത്താനായിട്ടില്ല. പുഴയിൽ ഇറങ്ങിയുള്ള തെരച്ചിൽ പ്രതികൂല കാലാവസ്ഥയെയും ശക്തമായ കുത്തൊഴുക്കിനെയും തുടർന്ന് സന്ധ്യയോടെ നിറുത്തിവച്ചു.
മഴക്കാലത്ത് മലവെള്ളം കുത്തിയൊഴുകുന്ന ഈ ചപ്പാത്ത് മാറ്റി ഇവിടെ പാലം പണിയണമെന്നത് നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.