ചെറുവത്തൂർ: ടൈഫോയ്ഡ് ബാധിച്ചു ഗുരുതരനിലയിൽ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സ നൽകാതെ പറഞ്ഞയച്ച യുവാവ് അവശനിലയിൽ. ചെറുവത്തൂർ വെങ്ങാട്ട് താമസിക്കുന്ന അജീഷ് (30) ആണ് മതിയായ ചികിത്സ ലഭിക്കാതെ വീട്ടിൽ കഴിയുന്നത്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം മൂർച്ഛിച്ച് യുവാവിന്റെ നില കൂടുതൽ വഷളായേക്കും.

ഇതുസംബന്ധിച്ച വാർത്ത ഇന്നലെ 'കേരളകൗമുദി' യിൽ കണ്ട് രാഷ്ട്രീയ നേതാക്കളും മറ്റും കുടുംബവുമായി ബന്ധപ്പെട്ടു നിജസ്ഥിതി അറിഞ്ഞിട്ടുണ്ട്. പലരും സഹായിക്കാമെന്ന് ഉറപ്പ് നൽകിയതായി വീട്ടുകാർ പറയുന്നു. രോഗവിവരം വാർഡ് മെമ്പർ മിനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയെയും ധരിപ്പിച്ചിട്ടുണ്ട്.

ചെറുവത്തൂർ വി.വി. സ്മാരക ഗവ. ആശുപത്രിയിൽ നിന്നും ചികിത്സ നൽകാതെ തിരിച്ചയച്ചതിനെ തുടർന്ന് ടൗണിലെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുവാങ്ങി കാരി പി.എച്ച്.സിയിൽ പോയി കുത്തിവെപ്പ് നടത്തിയാണ് വീട്ടിലെത്തിയത്. രോഗം ഗുരുതരമായതിനാൽ ഏഴ് ദിവസം തുടർച്ചയായി മരുന്ന് കുത്തിവെച്ചു ചികിത്സ വേണ്ടിവരുമെന്നും അതിന് ചെറുവത്തൂർ സി.എച്ച്.സിയിൽ സൗകര്യം ഉണ്ടെന്നും പറഞ്ഞാണ് രണ്ടുമാസമായി അജീഷിനെ ചികിത്സിക്കുന്ന കാരി പി.എച്ച്.സിയിലെ ഡോ. പ്രവീൺ കുമാർ അങ്ങോട്ട് കുറിപ്പ് കൊടുത്തു വിട്ടത്. ഭാര്യാമാതാവ് അജിതയുടെ കൂടെ ആശുപത്രിയിൽ എത്തിയ അജീഷിന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു ഡോക്ടർമാരും ചികിത്സ നിഷേധിക്കുകയും ചീട്ട് വലിച്ചെറിഞ്ഞു പറഞ്ഞുവിടുകയുമാണ് ചെയ്തത്.

സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ നടത്താൻ സാമ്പത്തിക പരാധീനത അനുവദിക്കാത്തതിനാലാണ് അജീഷും കുടുംബവും സർക്കാർ ആശുപത്രി തേടിപ്പോയത്. ചെറുവത്തുർ പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പണിത വീട്ടിലാണ് അജിതയും മകളും ഭർത്താവ് അജീഷും കുടുംബവും താമസിക്കുന്നത്.

ടൈഫോയ്ഡ് ആണെന്ന് മനസിലായതിനാൽ കിടത്തി ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതിനാലാണ് രോഗിയെ ചെറുവത്തൂർ സി.എച്ച്.സിയിലേക്ക് പറഞ്ഞുവിട്ടത്

ഡോ. പ്രവീൺകുമാർ

പടം ..ചെറുവത്തൂർ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് അവശനിലയിൽ വെങ്ങാട്ടെ വീട്ടിൽ കഴിയുന്ന അജീഷും കുടുംബവും