കണ്ണൂർ:ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറിയ നിലയിലാണ്. പുഴകൾ മിക്കതും കരകവിഞ്ഞിട്ടുണ്ട്. ഇരിട്ടി ഉളിക്കൽ മണക്കടവിൽ ചപ്പാത്തിൽ നിന്ന് ജീപ്പ് ഒലിച്ചുപോയി ഒരാളെ കാണാതായി. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു.
മണിക്കടവ് കോളിത്തട്ട് സ്വദേശി ലീധീഷ് കാരിത്തടത്തിലിനെയാണ്(31) കാണാതായത്.
ജീപ്പ് ഓടിച്ചിരുന്ന ഷാജുകാരിത്തടം, വിൽസൺ പള്ളിപ്പുറം ,ജോയിലറ്റ് എന്നിവർ നീന്തി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മാട്ടറയിൽ നിന്നും മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നു പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത് .ചപ്പാത്തിന് മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തിൽ ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്‌നിരക്ഷാസേനയും ഉളിക്കൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.എന്നാൽ ശക്തമായ കുത്തൊഴുക്കിൽ പെട്ട ലിധീഷിനെ കണ്ടെത്താനായില്ല. പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥയേയും ശക്തമായ കുത്തൊഴുക്കിനെയും തുടർന്ന് സന്ധ്യയോടെ നിർത്തിവെച്ചു.
ശക്തമായ മഴയിൽ പാൽച്ചുരം ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞു. ഇതെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.ചെകുത്താൻതോടിന് താഴ്ഭാഭാഗത്തായാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഇതുവഴി വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഇന്നലെ പുലർച്ചെ പഴശ്ശി തറക്കൽ വയൽ റോഡിലെ വീ വീട്ടുപറമ്പിലെ മരംപൊട്ടി വൈദ്യുതി ലൈനിൽ വീണ് റോഡിലേക്ക് തകർന്ന് വീണു. മരം പൊട്ടിവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് വൈദ്യുതി ലൈൻ തകർന്നത് കണ്ടത്. വീട്ടുകാർ കെ .എസ് .ഇ. ബി യിൽ വിവരം നൽകിയതിനെ തുടർന്ന് ഉടനെ ജീവനക്കാർ എത്തി ലൈൻ ഓഫ് ചെയ്യുകയായിരുന്നു.പുലർച്ചെ പള്ളിയിലേക്കും വിദ്യാർത്ഥികൾ മദ്രസയിലേക്കും പോവുന്ന വഴിയിലാണ് ലൈൻ പൊട്ടിവീണത്.മുറിഞ്ഞ് വീണ മരം നീക്കം ചെയ്ത് തകർന്ന ലൈനുകൾ മാറ്റിയാണ് വൈദ്യുതി പുന:സ്ഥാപിച്ചത്.
പഴയങ്ങാടി വെങ്ങരയിലെകുളത്തിൽ കുളിക്കുന്നതിനിടെ മ യുവാവ് അപകടത്തിൽപെട്ടു.വെങ്ങരയിലെ കൊട്ടക്കര വിനോദ് കുമാറിനെയാണ് (46) ആണ് നാട്ടുകാർ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചയോടെ വെങ്ങര മീത്തലെ കുളത്തിലാണ് അപകടം. വിനോദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയും രണ്ട് മക്കളും മുങ്ങിപ്പോയെങ്കിലും ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി.