കാസർകോട്: ചങ്കിടിപ്പുമായി കഴിയുന്ന വീട്ടുകാർക്ക് ആശ്വാസമായി ഫോൺ സന്ദേശം വരുന്നുണ്ടെങ്കിലും കപ്പൽ ജീവനക്കാരുടെ മോചനം വൈകുമെന്ന് സൂചന. എണ്ണക്കപ്പലിലെ ജീവനക്കാരെ വിട്ടയയ്ക്കുന്നത് ദിവസങ്ങളോളം വൈകിയേക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പൽ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനം നീണ്ടുപോകുമെന്നതിനാലാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ തീരുമാനമാകാതെ ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകൾ പരസ്പരം വിട്ടുകൊടുക്കാൻ സാദ്ധ്യതയില്ല.
അതേസമയം ഒരു മാസത്തിനകം മോചനം ലഭിക്കുമെന്നാണ് കപ്പലിലുള്ള കാസർകോട് ഉദുമ സ്വദേശി പ്രജിത് പുരുഷോത്തമൻ നൽകുന്ന സൂചന. ഇറാനിയൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത ബ്രിട്ടീഷ് പട്ടാളക്കാരിൽ നിന്നാണ് മലയാളി ജീവനക്കാർക്ക് ഈ സൂചന ലഭിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും കപ്പൽ ജീവനക്കാരായ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെയും പ്രജിത് അച്ഛനെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നു. തോക്കു ചൂണ്ടി വളഞ്ഞുവച്ചാണ് കപ്പൽ പിടിച്ചെടുത്തതെങ്കിലും പിന്നീടുള്ള പെരുമാറ്റം സൗഹാർദ്ദപരമായിരുന്നു. ജീവനക്കാർക്ക് ഭക്ഷണം സമയം തെറ്റാതെ ബ്രിട്ടീഷ് സേന എത്തിക്കുന്നുണ്ട്. ആരോഗ്യവും ശ്രദ്ധിക്കുന്നു. ഫോൺ ചെയ്യുന്നതിനും പട്ടാളക്കാർ തടസം നിൽക്കുന്നില്ല. കപ്പലിൽ തങ്ങളെല്ലാവരും ഹാപ്പിയാണെന്ന് പ്രജിത് അച്ഛനോട് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളം ജിബ്രാൾട്ടറിൽ നിന്ന് പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിലാണ് പ്രജിത്തും കൂട്ടുകാരുമുള്ളത്. മൂന്ന് മാസം മുമ്പാണ് ഇറാൻ എണ്ണക്കപ്പലിൽ ഓയിൽ ടാങ്കിന്റെ തേർഡ് എൻജിനിയറായി പ്രജിത് ജോലിക്ക് കയറിയത്. ഈ മാസം നാലിനാണ് എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. ബാങ്ക് ഒഫ് ബറോഡ കാസർകോട് ശാഖയിലെ മാനേജരായി വിരമിച്ച ഉദുമ കൊക്കാൽ നമ്പ്യാർകീച്ചിലെ പി. പുരുഷോത്തമന്റെയും പി.കെ. ശ്രീജയുടെയും രണ്ടാമത്തെ മകനാണ് പ്രജിത്.