കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ ഗെയിലിന്റെ കൊച്ചി – മംഗളൂരു വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവൃത്തികൾ സെപ്റ്റംബറോടെ പൂർത്തിയാകും. സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പണി പുരോഗമിക്കുമ്പോഴും തമിഴ്നാട്ടിൽ ഇഴയുന്നത് ആശങ്കയുണർത്തുന്നുണ്ട്. കോഴിക്കോട് ചാലിയാർ, ഇരുവഴിഞ്ഞി, കുറ്റ്യാടി, കാസർകോട് ചന്ദ്രഗിരി, മലപ്പുറത്ത് ഭാരതപ്പുഴ, എന്നീ പുഴകൾക്കടിയിലൂടെയുള്ള പൈപ്പിടലാണ് പുരോഗമിക്കുന്നത്. 96 കിലോമീറ്റർ ദൂരത്തിലുള്ള കൊച്ചി–കൂറ്റനാട് ലൈനിൽ പ്രവൃത്തികൾ കഴിഞ്ഞു. സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്. ഒരു മാസത്തിനകം പൂർത്തിയാക്കിയ ശേഷം ഈ ലൈനിൽ വാതകം നിറയ്ക്കും.കൂറ്റനാട് ജംഗ്ഷനിൽനിന്ന് കോയമ്പത്തൂർ വഴി ബംഗളൂരുവിലേക്കുള്ള ലൈനിൽ (435 കി മീ) പ്രവൃത്തി പൂർത്തീകരിക്കാൻ ഇനിയും വൈകാനാണ് സാധ്യത. ഏഴ് ഘട്ടമായാണ് കൊച്ചി–മംഗളൂരു ലൈൻ കമ്മിഷൻ ചെയ്യുന്നത്.

പൈപ്പിടൽ 444 കിലോമീറ്റർ

444 കിലോ മീറ്റർ ദൂരമുള്ള പൈപ്പിടലിന്റെ പ്രവൃത്തികൾ 99 ശതമാനവും കഴിഞ്ഞു. ഈ മേഖലയിലെ ജലാശയങ്ങൾക്കടിയിലൂടെയുള്ള പൈപ്പിടലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പ്രാദേശികമായ വിതരണത്തിനുള്ള പൈപ്പിടൽ ആരംഭിക്കാത്തതിനാൽ വീട്, വാഹനങ്ങൾ എന്നിവക്കുള്ള വാതക വിതരണം വൈകും. ഐ.ഒ.സി, അദാനി ഗ്രൂപ്പ് എന്നിവയാണ് ഇതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടത്. കൊച്ചി–കൂറ്റനാട്– മംഗലാപുരം (444 കിമീ) ലൈൻ ഏഴ് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.

തമിഴ്നാട്ടിൽ ഇഴയുന്നു

കേരള പരിധിയിൽ വാളയാർ വരെ 40 ശതമാനം പ്രവൃത്തി കഴിഞ്ഞെങ്കിലും ലൈനിന്റെ ഭൂരിഭാഗവും വരുന്ന തമിഴ്‌നാട്ടിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രധാന പൈപ്പ് ലൈനുകൾ ഗെയിലും വീടുകളിലേക്കും മറ്റും വിതരണത്തിന് വേണ്ട ഉപശൃംഖലകൾ ഐ.ഒ.സിയും അദാനി ഗ്രൂപ്പുമാണ് ചെയ്യുന്നത്. ഇവ രണ്ടും ഒന്നിച്ച് സ്ഥാപിക്കണമെന്നായിരുന്നു നിർദേശമെങ്കിലും അതുണ്ടായില്ല.

കമ്പനികളിലേക്കും മറ്റുമുള്ള വലിയ അളവിലുള്ള വാതക വിതരണമാണ് ഗെയിൽ നടപ്പാക്കുക. ഉപശൃംഖല പൈപ്പിടൽ ആരംഭിച്ചാലും പൂർത്തീകരിക്കാൻ ആറ് മാസമെങ്കിലുമെടുക്കും. 2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. 2012 ജനുവരിയിൽ കൊച്ചി–മംഗളൂരു , കൊച്ചി–കോയമ്പത്തൂർ–ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് ഇടതു സർക്കാർ അധികാരത്തിലേറിയതോടെ 2016 ജൂണിലാണ് ജീവൻവച്ചത്.