തെക്കുകിഴക്കൻ പെസഫിക്കിലെ പോളിനേഷ്യയുടെ മദ്ധ്യ-ദക്ഷിണ അറ്റത്തായി ഈസ്റ്റർ ദ്വീപ് എന്നൊരു തുരുത്തുണ്ട്. ടൺ കണക്കിനു ഭാരം വരുന്ന ശിലാ ശിൽപ്പങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തലകൾ മാത്രം മുകളിൽ കാണുന്ന ശിൽപ്പങ്ങൾ എങ്ങനെയാണ് മണ്ണിൽ ഇളക്കം തട്ടാതെ ഉറപ്പിച്ചിരിക്കുന്നതെന്ന് പുരാവസ്തു ഗവേഷകരെ പോലും അത്ഭുതപ്പെടുത്തുകയാണ്.
യുനസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപനൂയി ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. അടുത്തിടെ നടന്ന ഖനനത്തിൽ ശിലാ ശിരസുകൾക്ക് ഉടൽ ഉണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഏഴു മീറ്റർ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണ് പഠന വിധേയമാക്കിയത്. ഖനനത്തിൽ ചുവന്ന നിറമുള്ള ചായം കണ്ടെത്തിയിരുന്നു. യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ഇത്രയും കൃത്യമായി പ്രതിമകൾ ഉയർത്താൻ മനുഷ്യന് സാധിക്കില്ലെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിനിടെ അന്യഗ്രഹ ജീവികളാണ് ഈ പ്രതിമകൾ സ്ഥാപിച്ചതെന്നും മറ്റും നിരത്തി നിരവധി ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
നിർജീവമായ മൂന്ന് അഗ്‌നിപർവതങ്ങൾ ഉൾപ്പെട്ടതാണ് 166 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ത്രികോണ ദ്വീപ്. 1722ലെ ഈസ്റ്റർ ദിനത്തിൽ ഡച്ച് നാവികൻ ജേക്കബ് റഗോവീനാണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. ഈസ്റ്റർ ദിനത്തിൽ കണ്ടെത്തിയതിനാൽ, ദ്വീപിന് ഈസ്റ്റർ ദ്വീപ് എന്ന പേര് നൽകുകയായിരുന്നു. വൻ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്റെ മറ്റൊരു പ്രത്യേകത. പണ്ടുകാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജർ ദ്വീപിൽ താമസിച്ചിരുന്നു. അവർ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപിൽ വൻവൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.