കാസർകോട്: സർപ്പദോഷം മാറ്റുന്നതിന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നാളെ രാവിലെ ഏഴിന് ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തും. സർപ്പദോഷം മാറ്റുന്നതിനുള്ള ആശ്ലേഷ പൂജയിൽ പങ്കെടുക്കും. സാധാരണ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിൽ നാഗപൂജ നടക്കുന്നത്. എന്നാൽ വിക്രമസിംഗെക്കായി ഒരു ദിവസം മുമ്പ് ക്ഷേത്രത്തിൽ പ്രത്യേകമായാണ് ആശ്ലേഷ പൂജ ഒരുക്കുന്നത്. ക്ഷേത്ര പൂജാരി രാമചന്ദ്ര അഡിഗയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൂജ. രാമചന്ദ്ര അഡിഗയുടെ അനുജനും താന്ത്രികാചാര്യനുമായ പത്മനാഭ ശർമ്മയുടെ ഉപദേശമനുസരിച്ചാണ് വിക്രമസിംഗെ നാഗപൂജയ്‌ക്കെത്തുന്നത്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം നേരത്തേ ബേള ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
26ന് രാവിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തുന്ന വിക്രമസിംഗെ വൈകിട്ട് മംഗളൂരുവിൽ നിന്ന് ഹെലികോപ്ടറിൽ ബേക്കൽ താജ് ഹോട്ടലിൽ എത്തും. 27ന് ബേള ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ശേഷം മടങ്ങും. സന്ദർശനം കണക്കിലെടുത്ത് കർശനമായ സുരക്ഷാ സംവിധാനമാണ് ബേളയിൽ ഏർപ്പെടുത്തുന്നത്. പൂജാരിയുൾപ്പെടെ 15 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. പൂജാസമയത്ത് ക്ഷേത്രത്തിലേക്ക് ആരെയും കടത്തിവിടില്ല. ക്ഷേത്രവും പരിസരവും ശ്രീലങ്കയിൽ നിന്നെത്തിയ പ്രത്യേക സുരക്ഷാ സംഘത്തിന്റെ വലയത്തിലായിരിക്കും.