kannur-corparation

കണ്ണൂർ: കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിന്റെ ഒറ്റവോട്ട് ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. അടുത്ത കൗൺസിൽ യോഗത്തിൽ അവിശ്വാസം കൊണ്ടുവരാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ സാവകാശം വേണമെന്ന നിലപാടാണ് പി.കെ. രാഗേഷിനുള്ളത്. നാളെ കണ്ണൂരിലെത്തുന്ന കെ. സുധാകരൻ എം.പി പി.കെ. രാഗേഷുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും.

ശേഷിക്കുന്ന ഒരു വർഷം മേയർ സ്ഥാനം ആർക്ക് വേണമെന്നതിനെച്ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് യോഗത്തിൽ മേയർ പദവിയിൽ വിട്ടുവീഴ്‌ച ചെയ്യാൻ ജില്ലാ നേതൃയോഗത്തിൽ തീരുമാനമായെന്നാണ് സൂചന. കോൺഗ്രസിലുണ്ടായ തർക്കങ്ങളാണ് കോർപറേഷൻ രൂപീകരിച്ച ആദ്യ ഘട്ടത്തിൽ തന്നെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാൻ കാരണമായത്.

കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കിലെ തർക്കമാണ് കെ. സുധാകരനും പി.കെ. രാഗേഷും തമ്മിൽ അകലാൻ കാരണമായത്. തുടർന്ന് വിമതനായി മത്സരിച്ച രാഗേഷ് വിജയിക്കുകയും കോർപറേഷനിൽ എൽ.ഡി.എഫിന് അനുകൂലമായ നിലപാടെടുക്കുകയും ചെയ്തു. അടുത്ത കാലത്ത് രാഗേഷ് എൽ.ഡി.എഫുമായി ഇടഞ്ഞതോടെയാണ് കോർപറേഷൻ ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്.

അതേസമയം പി.കെ. രാഗേഷിനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ കോൺഗ്രസിലും എതിർപ്പുണ്ട്. നാലു വർഷത്തെ ഭരണദോഷങ്ങളെല്ലാം തലയിൽ വീഴുമെന്നും ധൃതിപിടിച്ച് ഭരണം പിടിക്കേണ്ട ആവശ്യമില്ലെന്നുമാണ് വലിയൊരു വിഭാഗത്തിന്റെ നിലപാട്.

കണ്ണൂർ കോർപറേഷൻ കക്ഷിനില

യു.ഡി.എഫ് - 27

എൽ.ഡി.എഫ് - 27

കോൺഗ്രസ് റെബൽ - 1