haris

കുട്ടിയെ മംഗളൂരു ബസ് സ്റ്റാൻഡിൽ നിന്ന് പൊലീസ്‌ വീട്ടിലെത്തിച്ചു

കാസർകോട്: നാലു ദിവസം മുമ്പ് കേരള - കർണാടക അതിർത്തിയിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ പ്ലസ് വൺ വിദ്യാർത്ഥിയെ മംഗളൂരു ബസ് സ്റ്റാൻ‌ഡിൽ കണ്ടെത്തി. കുട്ടിയെ ഇന്നലെ അതിരാവിലെ നഗരത്തിൽ എത്തിച്ച് കങ്കനാടി പമ്പ് വെൽ സർക്കിളിലേക്ക് ബസിൽ കയറ്റിവിടുകയായിരുന്നു. അവിടെ പമ്പ് വെൽ സർക്കിളിൽ വന്നിറങ്ങിയ ഉടനേ കുട്ടി തൊട്ടടുത്തുള്ള ആട്ടോറിക്ഷ ഡ്രൈവറെ സമീപിച്ച് ഫോൺ വാങ്ങി മാതാവിനെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിനു പിന്നിൽ.

വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടുവന്ന കേരള പൊലീസ് സംഘം കുമ്പള സഹകരണ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. കാസർകോട്ടെത്തിച്ച് മൊഴിയെടുത്തശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ മഞ്ചേശ്വരം കോളിയൂരിലെ ഹാരിസിനെ (17) ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂട്ടറിൽ പോകുമ്പോഴാണ്‌ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്. സഹോദരി വീട്ടിലെത്തി വിവരം അറിയിക്കുന്നതിനിടെ വിദ്യാർത്ഥിയെ വിട്ടുകിട്ടാൻ മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം വീട്ടുകാർക്ക് ലഭിച്ചിരുന്നു.

കുട്ടിയുടെ ബന്ധു സ്വർണക്കടത്ത് ഇടപാടുകളിൽ പങ്കാളിയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. അധോലോക സംഘങ്ങൾക്കിടയിൽ ഗൾഫിലും നാട്ടിലുമായി നടന്ന അനുരഞ്ജന ചർച്ചകൾക്കൊടുവിൽ മോചനദ്രവ്യം ഒന്നേകാൽ കോടിയായി കുറച്ചുകൊടുത്തതായാണ് വിവരം.

ഇതിനുശേഷം വിദ്യാർത്ഥിയെ മോചിപ്പിക്കാൻ അധോലോകസംഘം സമ്മതിച്ചതായി ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു.

എനിക്കൊന്നും പറ്റിയില്ല ഉമ്മാ ...
'ഉമ്മാ എനിക്കൊന്നും പറ്റിയില്ല ഞാൻ ഇവിടെയുണ്ട് ഉമ്മാ, .എന്നെ ആരും ഒന്നും ചെയ്തില്ല ...' അതിരാവിലെ തന്റെ ഫോണിലേക്ക് മകന്റെ ശബ്ദം വന്നപ്പോൾ മാതാവിന് ആശ്വാസമായി. 'ഞാൻ മംഗളൂരുവിൽ ആണുള്ളത് ഉമ്മാ ..,എനിക്കൊന്നും തിരിയുന്നില്ല. എങ്ങോട്ട് പോകണമെന്ന് അറിയില്ല. വണ്ടിയൊന്നും കിട്ടുന്നുമില്ല. ആരെങ്കിലും വേഗം വാ ..' ഇത്രയുംകൂടി കുട്ടി പറഞ്ഞതോടെ മാതാവ് വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറയുകയും ചെയ്തു. ഉടൻ മഞ്ചേശ്വരം പൊലീസ് മംഗളൂരുവിലേക്ക് കുതിക്കുകയായിരുന്നു. ഫോണിൽ വിളിച്ചുപറഞ്ഞ സ്ഥലത്തുതന്നെ കാത്തുനിന്നിരുന്ന കുട്ടിയെ പൊലീസ് സംഘം വാഹനത്തിൽ കയറ്റിക്കൊണ്ടുവന്നു.