ഇരിട്ടി : ഇരിട്ടി നഗരസഭ ചെയർമാനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം നൽകി.14 യു.ഡി.എഫ് കൗൺസിലർമാർ ഒപ്പിട്ട നോട്ടീസ് കോഴിക്കോട് നഗരകാര്യ വകുപ്പ് റീജയണൽ ജോയിന്റ് ഡയറക്ടർ കെ.സി.വിനയ കുമാറിന് ഓഫീസിലെത്തി നൽകുകയായിരുന്നു. യു.ഡി.എഫിന് 15 ,എൽ.ഡി.എഫ്13 ,ബി.ജെ.പി 5 എന്നിവയാണ് നഗരസഭയിലെ കക്ഷി നില.

യു .ഡി .എഫിലെ എം.പി.അബ്ദുറഹ്മാൻ അയോഗ്യനാക്കിയതിനാൽ വോട്ടു ചെയ്യാനാകില്ല. മൂന്നര വർഷത്തെ എൽ.ഡി.എഫിന്റെ ദുർഭരണത്തിനെതിരെയാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് യു.ഡി.എഫ് അറിയിച്ചു.നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ മൂന്ന് മുസ്ലിം ലീഗ് അംഗങ്ങൾ എൽ.ഡി. എഫിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്നാണ് എൽ.ഡി.എഫിന് ഇരിട്ടി നഗരസഭ ഭരണം ലഭിച്ചത്. ചെയർമാനായി പി.പി. അശോകൻ തിരെഞ്ഞടുക്കപ്പെടുകയായിരുന്നു. പിന്നിട് ലീഗിലെ രണ്ട് കൗൺസിലർമാർക്ക് പാർട്ടി മാപ്പ് നൽകി. എന്നാൽ മുസ്ലിം ലീഗ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എം.പി അബ്ദുൾ റഹ്മാനെ അയോഗ്യനാക്കുകയായിരുന്നു.