തളിപ്പറമ്പ്:സ്വകാര്യ ഉടമസ്ഥതയിലുള്ള മത്സ്യ ഇറച്ചി മാർക്കറ്റുകളിൽ പുഴുവരിക്കുന്ന മാലിന്യങ്ങൾ കുന്നുകൂടിയ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നഗരസഭ ആരോഗ്യവകുപ്പ് ഉണർന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സാധാരണ നിലയിൽ എത്തിനോക്കാത്ത തളിപ്പറമ്പ് ജുമായത്ത് പള്ളി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഇറച്ചി-മത്സ്യമാർക്കറ്റിലാണ് പരിശോധനയും ശുചീകരണവും നടന്നത്.
തളിപ്പറമ്പിലെ രണ്ട് യുവാക്കളാണ് ചീഞ്ഞുനാറുന്ന മാർക്കറ്റിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേരളത്തിലെ പൊതുമാർക്കറ്റില്ലാത്ത ഏക നഗരസഭയായ തളിപ്പറമ്പിൽ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിയുടെ അധീനതയിലാണ് മത്സ്യ,ഇറച്ചിമാർക്കറ്റ് പ്രവർത്തിക്കുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കടന്നു ചെല്ലാത്തതിനാൽ അറവുശാലയുടെ ചുറ്റുപാടും അറവ് മാലിന്യങ്ങളും കന്നുകാലികളുടെയും ആടുകളുടെയും ജഡങ്ങളും ഉപേക്ഷിച്ച നിലയിലാണ്. പുഴുവരിച്ച നിലയിലുള്ള മൃഗങ്ങളുടെ ജഡങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. അവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന നൂറുകണക്കിന് തെരുവുപട്ടികളും ഇവിടെ തമ്പടിച്ചിട്ടുണ്ട്. വാർത്ത പരന്നതിനെ തുടർന്ന് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാരുംപള്ളി ട്രസ്റ്റ് കമ്മറ്റി പ്രതിനിധികളും ഇവിടെ എത്തി . പിന്നാലെ ശുചീകരണം നടത്തുകയായിരുന്നു.