തലശ്ശേരി: പതിനൊന്ന് വർഷം മുമ്പ് ബി.ജെ.പി പ്രവർത്തകൻ ഇല്ലത്ത് താഴയിൽ കെ.വി. സുരേന്ദ്രനെ (62) വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 5 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതിയുടേതാണ് വിധി.
തിരുവങ്ങാട് ഊരാങ്കോട് സ്വദേശികളായ പുലപ്പാടി വീട്ടിൽ എം. അഖിലേഷ് (35) , മാണിക്കോത്ത് വീട്ടിൽ എം. ലിജേഷ് (32), മുണ്ടോത്ത് കണ്ടിയിൽ എം. കലേഷ് (36), വാഴയിൽ കെ. വിനീഷ് (25), പി.കെ. ഷൈജേസ് (28) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ലക്ഷം വീതം പിഴയും അടയ്ക്കണം. പിഴ സംഖ്യ കൊല്ലപ്പെട്ട സുരേന്ദ്രന്റെ ഭാര്യയ്ക്ക് നൽകണമെന്ന് ജഡ്ജി പി.എൻ. വിനോദ് നിർദേശിച്ചു.
പിഴയടച്ചില്ലെങ്കിൽ ആറ് മാസം വീതം അധിക തടവ് അനുഭവിക്കണം.
കേസിലെ ഏഴ് പ്രതികളിൽ രണ്ടാം പ്രതി വിജേഷിനെയും ഏഴാം പ്രതി ഷബിനെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേവിട്ടു.
തലശ്ശേരിയിലെ സി.പി.എം, ബി.ജെ.പി സംഘർഷത്തിന്റെ ഭാഗമായാണ് 2008 മാർച്ച് 7ന് സുരേന്ദ്രൻ കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ ഇരു ഭാഗത്തുമുള്ള ആറോളം പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് തലശ്ശേരി എസ്.ഐയായിരുന്ന വി.കെ. സുധാകരനാണ് സുരേന്ദ്രനെ വീട്ടിൽ നിന്നും തലശ്ശേരി ആശുപത്രിയിലെത്തിച്ചത്. സുരേന്ദ്രന്റെ ഭാര്യയും ദൃക്സാക്ഷിയുമായ സൗമിനിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. 22 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. പി.ബി. ശശീന്ദ്രനും അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. വി.ജെ. മാത്യുവും അഡ്വ.പി. പ്രേമരാജനും ഹാജരായി.