ഇരിട്ടി: ആറളം ഫാമിൽ ആദിവാസി യുവാവ് മരിച്ചു. ഫാം 13 ബ്ലോക്കിലെ ചന്തൻ - കറുത്ത ദമ്പതികളുടെ മകൻ രഘു (20)വാണ് മരിച്ചത്. ക്ഷയരോഗബാധയാണ് കാരണമെന്നാണ് സംശയം. ഒരു വർഷമായി ചികിത്സയിലായിരുന്നു.
കീഴ്പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ക്ഷയരോഗമാകാമെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചിരുന്നു. കീഴ്പ്പള്ളിയിൽ വച്ചും പേരാവൂർ താലൂക്ക് ആശുപത്രിയിൽ വച്ചും പ്രാഥമിക പരിശോധന നടത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പരിശോധന നടത്താനും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർ ചികിത്സ നടത്തിയില്ല. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി ആദ്യം കീഴ്പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
ആശുപത്രിയിൽ കിടത്തിചികിത്സയ്ക്കിടെ യുവാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച വീണ്ടും ആരോഗ്യവകുപ്പ് അധികൃതരെത്തി പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. ജയൻ, രാധ, അനു, സുരേഷ്, ശാന്ത എന്നിവർ സഹോദരങ്ങളാണ്.