നീലേശ്വരം : മദ്യലഹരിയിൽ പൊലീസിന്റെ പിടിയിലായ പോക്‌സോ കേസ് പ്രതി ആശുപത്രിയിൽ നിരീക്ഷണത്തിനിടെ കുതറിയോടാൻ ശ്രമിച്ചു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസുകാരിയെ കുളിക്കുന്നതിനിടെ ഒളിഞ്ഞു നോക്കി പ്രലോഭിപ്പിച്ചു പീഡിപ്പിച്ച കേസിലെ പ്രതി അരയി കണ്ടംകുണ്ടിച്ചാൽ പള്ളി ക്വാർട്ടേഴ്‌സിലെ താമസക്കാരനും ഉത്തർപ്രദേശ് സ്വദേശിയുമായ മുഹമ്മദ് ഹാരിസ് (40) ആണ് കുതറിയോടാൻ ശ്രമിച്ചത്. മദ്യലഹരിയിൽ ആശുപത്രിക്കകത്തു നിന്നു കുതറിയോടിയ പ്രതിയെ ഓരോ തവണയും എഎസ്‌ഐയുടെ നേതൃത്വത്തിൽ പുറത്തു കാവൽ നിന്ന നീലേശ്വരം പൊലീസ് പിടികൂടി തിരിച്ച് ആശുപത്രി മുറിയിലാക്കി.
നീലേശ്വരം പൊലീസ് കേസെടുത്ത ശേഷം ഒളിവിൽ പോയ ഇയാൾ ഇന്നലെ രാത്രി ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയെന്ന വിവരത്തെ തുടർന്നാണ് എസ്‌ഐ, രഞ്ജിത് രവീന്ദ്രൻ, എഎസ്‌ഐ, വി.മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) യിൽ ഹാജരാക്കി. കോടതി ഇയാളെ ഓഗസ്റ്റ് ഒൻപതു വരെ റിമാൻഡ് ചെയ്തു.