കണ്ണൂരിൽ പോസ്റ്റർ പതിക്കാൻ പോലും അനുവദിച്ചില്ല
കണ്ണൂർ: കലാലയങ്ങളിൽ ഏക സംഘടനാ വാദം ഉയർത്തുന്ന എസ്.എഫ്. ഐ ഫാസിസ്റ്റ് സംഘടനകളെക്കാൾ ഭീകരമാണെന്ന് എ.ഐ.എസ്.എഫ് പ്രവർത്തന റിപ്പോർട്ട്.
ഇന്നലെ തുടങ്ങിയ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് ആഞ്ഞടിച്ചത്. സ്കൂളുകളിലും കോളേജുകളിലും വർഗീയ സംഘടനകളെ തോൽപ്പിക്കുന്ന തരത്തിലാണ് മതേതര സംഘടനയെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐ പ്രവർത്തിക്കുന്നത്. സഹിഷ്ണുതയുടെയും സംഘടനാ സ്വാതന്ത്ര്യത്തിന്റെയും കാവലാളെന്നു സ്വയം അവകാശപ്പെടുന്ന അവർക്ക് മറ്റു സംഘടനകളെ തകർത്തെറിയുന്ന സമീപനമാണുള്ളത്.
വർഗീയ ഫാസിസ്റ്റ് സംഘടനകൾക്ക് കാമ്പസുകളിൽ വേരുറപ്പിക്കാൻ സഹായകരമാകുന്ന രീതിയിലാണ് പ്രവർത്തനം. കണ്ണൂരിൽ സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ പതിക്കാൻ പോലും എസ്.ഐ.ഐയും സി.പി.എമ്മും അനുവദിച്ചില്ല. കലാലയങ്ങളിൽ ഇടിമുറി സൃഷ്ടിച്ചത് എത്ര വലിയ നാണക്കേടാണ്. അടിച്ചമർത്തിയല്ല, ഇഷ്ടങ്ങൾ നേടേണ്ടതെന്ന ഓർമ്മ എസ്.എഫ്.ഐക്ക് നല്ലതാണ്. കാമ്പസിൽ നിങ്ങൾക്ക് അവസരം തന്നാൽ എം. എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ വർഗീയ സംഘടനകൾക്കും അവസരം നൽകേണ്ടി വരുമെന്ന എസ്.എഫ്.ഐയുടെ നിലപാട് ഫാസിസ്റ്റ് ശൈലിയാണ്.
പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാർ പ്രവർത്തനങ്ങൾക്കും വകുപ്പ് മന്ത്രി രവീന്ദ്രനാഥിനും നൂറു മാർക്കാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിന്റെ പ്രവർത്തനം പ്രതിഷേധാർഹമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.