kanam

കണ്ണൂർ: എറണാകുളത്തെ പൊലീസ് അതിക്രമത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തണുപ്പൻ മട്ട് തുടരുന്നത് സംഘടനയ്ക്കകത്ത് അതൃപ്തിക്കും പ്രതിഷേധത്തിനും കാരണമായതിനിടെ, തന്റെ മകനെപ്പറ്റിയുള്ള പ്രചാരണത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്ന് കാനം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സിവിൽ സപ്ളൈസ് ഔട്ട്‌ലെറ്റുകളിൽ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് മകൻ അഴിമതി നടത്തിയെന്നും ഇതുവച്ച് സി.പി.എം കാനത്തെ ബ്ളാക്ക് മെയിൽ ചെയ്യുന്നെന്നുമുള്ള പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഇങ്ങനെയൊരു പ്രതികരണമുണ്ടായത്.

കണ്ണൂരിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ കാനത്തെ മാദ്ധ്യമപ്രവർത്തകർ വളഞ്ഞപ്പോഴായിരുന്നു പ്രതികരണം. മകനെതിരായ പ്രചാരണത്തെപ്പറ്റിയായിരുന്നു മാദ്ധ്യമങ്ങളുടെ ആദ്യ ചോദ്യവും. പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും ആരാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നുമായിരുന്നു മറുപടി. മകനുണ്ടായതും അവന് പ്രായപൂർത്തിയായതും ഇപ്പോഴല്ലെന്നും കാനം പറ‌ഞ്ഞു. തൊട്ടുപിന്നാലെ ബ്ളാക്ക് മെയിലിംഗ് ചോദ്യവും വന്നു. ഈ വയസു കാലത്ത് ആര് ബ്ളാക്ക് മെയിൽ ചെയ്യാൻ എന്ന മറുപടിയോടെ കാനം ഓഡിറ്റോറിയത്തിലെ ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു. സംസ്ഥാന സെക്രട്ടറി വേദിയിൽ കയറുമ്പോൾ പതിവുള്ള ആവേശം നിറഞ്ഞ മുദ്രാവാക്യം വിളി ഇന്നലെ കണ്ടില്ല. മേഖലാ റിപ്പോർട്ടിംഗിനെത്തിയ പ്രതിനിധികളുടെ മുഖത്തും നിർവികാരതയായിരുന്നു.

അതേസമയം, ഈ ആരോപണത്തെ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ തള്ളിയിരുന്നു. ഇടതു മുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്ന കാനം കുറച്ചുകാലമായി മൗനം പാലിക്കുന്നെന്നും അതിന് പിന്നിൽ ബ്ളാക്ക്മെയിലിംഗ് ആണെന്നുമുള്ള പ്രചാരണമാണ് സി.പി.ഐയിൽ ഉൾപ്പെടെ നടക്കുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ മണ്ഡലം ഭാരവാഹികളും ലോക്കൽ കമ്മിറ്റി അംഗങ്ങളുമടക്കം നാനൂറോളം പേർ പങ്കെടുത്ത മേഖലാ റിപ്പോർട്ടിംഗിലും കാനത്തിന്റെ ശരീരഭാഷയും പ്രശ്നങ്ങളോടുള്ള മൃദുസമീപനവും ചർച്ചയായി. എല്ലാം മാദ്ധ്യമസൃഷ്ടിയാണെന്നു പറഞ്ഞ് പ്രതിരോധം തീർക്കുമ്പോഴും നേതൃത്വത്തിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന പ്രചാരണം സി.പി.ഐ അണികൾക്കിടയിലും ശക്തമാണ്.

കണ്ണൂരിൽ ഇന്നലെ ആരംഭിച്ച എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിലും കാനത്തിന്റെ മൗനം ചർച്ചയായി. സി.പി.ഐ നേതാക്കളെ പൊലീസ് ആക്രമിച്ചിട്ടും നേതൃത്വം മൗനം പാലിക്കുന്നത് ഏത് സംഘടനാ മര്യാദയുടെ പേരിലാണെന്ന വിമർശനമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്.