balut

അടവച്ചു മുട്ട വിരിയിക്കുകയാണ് നമ്മുടെ നാട്ടിലെ രീതി. എന്നാൽ പുഴുങ്ങാനായി മുട്ടകൾ അടവയ്ക്കുന്ന രീതിയുമുണ്ട്. ഫിലിപ്പീൻസിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു വിഭവം ഒരുക്കുന്നത്. 'ബലുട്ട്" എന്നാണ് വിഭവത്തെ പേര്. നമുക്ക് മുന്നിൽ ഇങ്ങനെയൊരു വിഭവം വിളമ്പിയാൽ മുട്ട ഇഷ്ടപ്പെടുന്നവരാണെങ്കിലും കഴിക്കാൻ ഇത്തിരി ബുദ്ധിമുട്ടും തീർച്ച.

ചൈനയിലാണ് ആദ്യം ബലുട്ട് ഉണ്ടാക്കി തുടങ്ങിയതത്രേ. കൂടാതെ വിയറ്റ്‌നാം,​ തായ്‌ലാൻഡ്,​ കംബോഡിയ എന്നിവിടങ്ങളിലും ബലുട്ട് പ്രിയരുണ്ട്. ബലുട്ട് തയാറാക്കാൻ വളരെയെളുപ്പമാണ്. താറാവ് മുട്ടകളാണ് പ്രധാനമായും വിഭവമൊരുക്കാൻ ഉപയോഗിക്കുന്നത്. മുട്ടകൾ 18 ദിവസം വരെ അടവയ്ക്കുകയാണ് ഫിലിപ്പീൻസിലെ പതിവ്. എന്നാൽ മറ്റു രാജ്യങ്ങളിൽ ഇക്കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നവരുണ്ട്. പൂർണ വളർച്ചയെത്തിയ മുട്ടകൾ ആണ് പലരും ഉപയോഗിക്കുന്നത്.

മുട്ടയ്ക്കുള്ളിൽ പക്ഷിക്കുഞ്ഞിന്റെ കൊക്ക്,​ ചിറക്,​ കാലുകൾ എന്നിവ രൂപപ്പെട്ടിരിക്കും. ഇതാണ് അവർ ഉദ്ദേശിക്കുന്നതും. പുഴുങ്ങിയെടുത്ത മുട്ടയുടെ തോട് പൊളിക്കുമ്പോഴേക്കും ഇവ കാണാനാകണം. ഫിലിപ്പീൻസിൽ ഉപ്പ്, മുളക്, വെളുത്തുള്ളി, വിനാഗിരി എന്നീ ചേരുവകളും ബലുട്ടിലുണ്ടാകും. നാരങ്ങ നീരും കുരുമുളകും ചേർത്തു വിളമ്പുന്നവരുമുണ്ട്. മുട്ടയുടെ തോട് ഇളക്കുമ്പോൾ ഇതിൽ നിന്നും പുറത്തുവരുന്ന ദ്രാവകം ഇഷ്ടപ്പെടുന്നവരാണ് ബലുട്ട് പ്രിയർ. രണ്ടു മൂന്നു കടിയിൽ തന്നെ ബലുട്ട് ഒരാൾക്ക് അകത്താക്കാനുമാകും. ഫിലിപ്പീൻസിലും മറ്റ് പ്രദേശങ്ങളിലും സാധാരണ തെരുവ് ഭക്ഷണമാണ് ബലുട്ട്.

പ്രോട്ടീനും കാൽസ്യവും കൂടുതൽ അടങ്ങുന്ന ഇത് സാധാരണക്കാരുടെ ഭക്ഷണമാണെന്ന് പറയാം. ഫിലിപ്പീനികളാണ് ലോകത്തിന് ബലുട്ടിനെ പരിചയപ്പെടുത്തിയതെന്ന് പറയാം. എന്നാൽ മറ്റു രാജ്യങ്ങളിൽ ഈ ഭക്ഷണരീതി പലപ്പോഴും ചോദ്യംചെയ്യപ്പെട്ടു. വിശ്വാസപ്രകാരം ഇതിനെ എതിർക്കുന്നവരുമുണ്ട്.