kannur

കണ്ണൂർ: ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ എസ്.എഫ്.ഐയ്ക്കെതിരെ രക്തരക്ഷസ് എന്ന് പരാമർശിച്ചത് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലാത്താതാണെന്ന് സി.പി.ഐ ജില്ലാസെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ. അങ്ങനെ വിശേഷിപ്പിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെന്ന് താൻ കരുതുന്നില്ലെന്നും എ.ഐ.എസ്.എഫ് കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ചേംബർ ഹാളിൽ നടന്ന പൂർവനേതൃസംഗമം ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് സ്വാധീനമുള്ള കാമ്പസുകളിൽ മറ്റ് സംഘടനകളെ കടത്തിവിടില്ലെന്ന വാശി പണ്ടുകാലത്തും ചില എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ ജില്ലാ, സംസ്ഥാന ഭാരവാഹി എന്ന നിലകളിലെല്ലാം പ്രവർത്തിക്കുന്ന കാലത്ത് തനിക്ക് നേരിട്ടറിയാവുന്നതാണിത്.യൂണിവേഴ്‌സിറ്റി കോളേജൊക്കെ കാലങ്ങളായി അങ്ങനെയുള്ള കേന്ദ്രമാണ്.അക്രമം നടത്തുന്നവരും ഏകാധിപത്യ പ്രവണതകൾ ഉള്ളവരും എസ്.എഫ്.ഐയിൽ ഉണ്ടെന്നുള്ള കാര്യം സത്യമാണ്.

എന്നാൽ ആ സംഘടന അത്തരത്തിലുള്ളതാണെന്ന് കരുതേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷത്തിന്റെയും ഇടതുപക്ഷ സംഘടനകളുടെയും ഐക്യം ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രധാനമാണ്.

പണം കൊടുത്ത് ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുകയും എതിരാളികളെപ്പോലും ഇല്ലാതാക്കുന്ന തരത്തിൽ ഏകാധിപത്യം നടപ്പിലാക്കാൻ കേന്ദ്രഭരണകൂടവും സംഘപരിവാറും നടത്തുന്ന ശ്രമവും യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിയാൻ പുതുതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് അഡ്വ. എം.സി .സജീഷ് അദ്ധ്യക്ഷനായി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വെള്ളോറ രാജൻ ഉപഹാരങ്ങൾ നൽകി. ജില്ലാ ഭാരവാഹികളായി പ്രവർത്തിച്ച വാസു, അഡ്വ. കെ. ഗോപാലൻ, സി.എച്ച് .വത്സലൻ, കുഞ്ഞില്ലത്ത് ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.