priyadarshini

കണ്ണൂർ: കെട്ടുകഥകളെക്കാൾ വിചിത്രമാണ് തെരുവിൽ അലയുന്ന 'ഈ കോടിശ്വരിയുടെ" കഥ ! ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടി, കണ്ണെഴുതി കൈയിലൊരു കന്നാസും തോളിലൊരു ഭാണ്ഡക്കെട്ടുമായി മുഷിഞ്ഞ വേഷത്തിൽ തലശേരിയുടെ തെരുവിലൂടെ നടന്നുനീങ്ങുന്ന പ്രിയദർശിനി ടീച്ചർ നാട്ടുകാർക്കെന്നും കൗതുകക്കാഴ്ചയായിരുന്നു. ഭ്രാന്തിയെന്ന് ചിലർ കളിയാക്കി വിളിച്ചിരുന്ന ടീച്ചറെ പിന്നീട് ആരൊക്കെയോ ചേർന്ന് ഒരു 'അനശ്വര പ്രണയത്തിന്റെ' നായികയാക്കി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചു. അപകടത്തിൽ മരിച്ചുപോയ ലോക്കോ പൈലറ്റായ കാമുകനെയും ഓർത്ത് ,​ റെയിൽവേസ്റ്റേഷനിൽ അലഞ്ഞുതിരിയുന്ന ദുരന്തനായികയായി പ്രിയദർശിനിയെ അവർ അവരോധിച്ചു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇതൊന്നുമല്ല എൺപത്തിയഞ്ചുകാരിയായ പ്രിയദർശിനി

തലശേരി പട്ടണത്തിന്റെ കണ്ണായ സ്ഥലത്ത്, ഡിവൈ.എസ്.പി ഓഫീസിന് സമീപത്തെ ഇടിഞ്ഞുവീഴാറായ വലിയ

വീട്ടിൽ തനിച്ചാണ് താമസം. കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണ് ഈ സ്ഥലം. ടീച്ചർ അറിയാതെ അവരെ പിന്തുടർന്ന തലശേരിയിലെ സാമൂഹ്യ പ്രവർത്തകനായ ശംറീസ് ബക്കറാണ് ഒടുവിൽ ഈ കഥ കണ്ടെത്തിയത്.

തലശേരിയിലെ പ്രശസ്തമായ ഒരു സമ്പന്ന കുടുംബത്തിൽ പിറന്ന പ്രിയദർശിനി മാഹിയിലെ ഒരു സ്കൂളിൽ ആദ്യത്തെ ഇംഗ്ളീഷ് അദ്ധ്യാപികയായിരുന്നു. കണ്ണൂർ അലവിൽ സ്വദേശിയായ രാധാകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യത്തിന് മൂന്നു വർഷത്തെ ആയുസ് മാത്രം. ഇതോടെ പിന്നീടുള്ള ജീവിതത്തിൽ ഒറ്റയ്ക്കായി.

കന്നാസുമായി യാത്ര

പ്രിയദർശിനിയുടെ ബന്ധുക്കളും സഹോദരങ്ങളുമെല്ലാം കൊൽക്കത്തയിലും ഡൽഹിയിലുമൊക്കെയായി നല്ല നിലയിൽ കഴിയുകയാണ്. പ്രായമായതിനാൽ പലർക്കും തിരിഞ്ഞുനോക്കാൻ പോലുമാകുന്നില്ലെന്നതാണ് സത്യം. മാഹിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഒരു സഹോദരിയുമായി മാത്രമാണ് ഇപ്പോഴും പ്രിയദർശിനിക്ക്‌ ബന്ധമുള്ളത്. രാവിലെയായാൽ പ്ളാസ്റ്റിക് കന്നാസുമായി പ്രിയദർശിനി റെയിൽവേ സ്റ്റേഷനിലേക്ക് പോകും. തോളിലെ ഭാണ്ഡക്കെട്ടുകളിൽ പാത്രങ്ങളും വസ്ത്രങ്ങളുമാണ്. വീട്ടിലെ കിണർ വെള്ളം മലിനമായതിനാൽ റെയിൽവെ സ്റ്റേഷനിൽ പോയി കന്നാസിൽ വെള്ളം നിറയ്ക്കും. ഇടയ്ക്ക് നഗരത്തിലെ ഏതെങ്കിലും കോയിൻ ബോക്സിൽ പോയി മാഹിയിലെ സഹോദരിയെ വിളിക്കും. ഈ സഹോദരി അയയ്ക്കുന്ന പണം കൊണ്ടാണ് പ്രിയദർശിനി ജീവിച്ചുപോന്നിരുന്നത്. എന്നാൽ ശംറീസിന്റെ നേതൃത്വത്തിൽ ചിലർ പ്രിയദർശിനിക്ക്‌ സഹായവുമായെത്തി.പ്രിയദർശിനി ഇപ്പോൾ വടകര എടച്ചേരിയിലെ തണൽ എന്ന വൃദ്ധസദനത്തിൽ സുഖമായി കഴിയുന്നു. അന്തേവാസികളുടെ പ്രിയങ്കരിയായി.

 ഒരു നവാഗത സംവിധായകൻ പ്രിയദർശിനിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ

യഥാർത്ഥ കഥ അറിഞ്ഞപ്പോൾ സിനിമ ഉപേക്ഷിച്ചെന്നാണ് വിവരം.

''പ്രിയദർശിനിക്ക് പ്രണയവും ഭ്രാന്തുമില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് അവരെ സമൂഹം ഭ്രാന്തിയാക്കിയതാണ്.അവർ ഇപ്പോൾ സുഖമായി കഴിയുന്നു.

-ശംറീസ് ബക്കർ

പൊതുപ്രവർത്തകൻ