തളിപ്പറമ്പ്: താമരശ്ശേരിയിൽ 18,000 കെട്ട് വ്യാജ ദിനേശ് ബീഡിയും ലേബലും പിടിച്ചെടുത്തു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന താമരശ്ശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഹൗസിൽ ഒ.പി മുഹമ്മദ് കോയ (60) പൊലീസിനെ കണ്ട് ഓടിയൊളിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാജ ദിനേശ് ബീഡി നിർമ്മാണ സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് കോയ. നിരവധി വാഹനങ്ങളാണ് ഇയാൾക്കായി ബീഡികളുമായി കേരളത്തിൽ ഓടുന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ മുഹമ്മദ് കോയയുടെ വീട്ടിൽ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലാവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവനെ അറസ്റ്റു ചെയ്തതോടെയാണ് വ്യാജ ബീഡി നിർമ്മാണത്തെ കുറിച്ച് കൂടുതൽ തെളിവ് പുറത്തു വന്നത്. തുടർന്ന് സംഘത്തിന്റെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിലെ ഏത്തക്കാട്ട് ക്വാർട്ടേഴ്‌സിൽ വാടകക്ക് താമസിക്കുന്നയാളുമായ അലകനാൽ ഷാജി ജോസഫ് (38), ഇയാൾക്ക് വ്യാജ ബീഡി എത്തിച്ചു നൽകുന്ന പുതിയതെരു അരയമ്പത്തെ കരിമ്പിൻ കര കെ. പ്രവീൺ (43) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വ്യാജ ബീഡി നിർമ്മിച്ച് വിൽപ്പന നടത്തുന്ന പ്രധാനിയാണ് മുഹമ്മദ് കോയ.
18 വർഷമായി വ്യാജബീഡി നിർമാണത്തിലൂടെ കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ തളിപ്പറമ്പ് എസ്.ഐ ഷൈൻ, എ.എസ്.ഐ വി.എ മാത്യു,ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി രമേശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.