കണ്ണൂർ: പ്രാദേശിക വികസനത്തിലെ സർക്കാരിന്റെ അലംഭാവത്തിൽ മടിക്കൈ പഞ്ചായത്തിലെ സി.പി.എം നേതൃത്വത്തിൽ മുറുമുറുപ്പ്. ബി.ജെ.പി, സി.പി.ഐ പ്രതിനിധികളായ ഓരോ അംഗങ്ങൾ ഒഴിച്ചുനിർത്തിയാൽ പതിമൂന്ന് പേർ സി.പി.എം പ്രതിനിധികളായ പഞ്ചായത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയരുന്നത്. ''മടിക്കൈയിൽ നൂറു ശതമാനവും സി.പി.എം ആയത് മുതലെടുക്കുകയാണ്. നാടിനെ സ്‌നേഹിക്കുന്നവർ രാഷ്ട്രീയ ഭേദമന്യേ സമരത്തിന് ഇറങ്ങണം. നമ്മളിവിടെ നാക്കിട്ട് അടിച്ചിട്ട് എന്താണ് കാര്യം. പാർട്ടിയെ സംരക്ഷിക്കാൻ ഇത്തരം ആത്മവഞ്ചന ചെയ്ത് എത്രകാലം മുന്നോട്ട് പോകാനാകും' മുതിർന്നൊരു നേതാവ് ചോദിക്കുന്നു.
നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാത്രമാണ് ഇവിടെ വല്ലതും ചെയ്തത്. പാർട്ടി കമ്മിറ്റികളിലൊക്കെ പറയുന്നത് ബധിര വിലാപമായി മാറുകയാണ്. തൃക്കരിപ്പൂർ, ഉദുമ എം.എൽ.എമാർ അവരുടെ മണ്ഡലങ്ങളിൽ കുറച്ച് റോഡുകൾ കൊണ്ടുവന്നത് ഒഴിച്ചാൽ മറ്രൊരു വികസനവും ഇവിടെ നടന്നിട്ടില്ല. വികസനത്തിന് വോട്ട് ചെയ്യുന്നതോടെ തെക്കൻ കേരളത്തിൽ വികസനം കേന്ദ്രീകരിക്കുകയാണ്. ഇവിടെ കണ്ണടച്ച് കുത്തിയാൽ വോട്ട് വീഴുമെന്നാണ് പാർട്ടിയുടെ ചിന്തയെന്നും ഇതൊക്കെയാണ് തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് കാരണമെന്നും നേതാക്കൾ പറയുന്നു.
ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കില്ലെന്ന് സർക്കാർ പറയുമ്പോഴും ഒരു വർഷത്തിൽ നാലുപേരാണ് കൃഷി ഓഫീസറുടെ കസേരയിൽ ഇരുന്നത്. മാംസ സംസ്‌കരണ യൂണിറ്റും കോളേജും സ്ഥാപിക്കുന്നതിൽ സി.പി.ഐ മന്ത്രി ചെയ്യുന്നത് പോലും സി.പി.എം മന്ത്രിമാർ ചെയ്തില്ല. ഇതാണ് പാർട്ടിയുടെ അപചയം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
'അതെന്താ ഞങ്ങളൊക്കെ കള്ളന്മാരോ...'
ഏഴു കോടി ചെലവഴിച്ചു നിർമ്മിച്ച കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ മൂന്നു കോടി തരാൻ സർക്കാർ തയ്യാറായില്ല. ലൈഫ് പദ്ധതിയിൽ ഗ്രാമസഭ നൽകിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നില്ല. അതെന്താ ഞങ്ങളൊക്കെ കള്ളന്മാരാണോയെന്നാണ് നേതാക്കൾ ചോദിക്കുന്നത്. 25 സെന്റിലേറെ സ്ഥലമുണ്ടെന്ന് പറഞ്ഞ് വീട് നിഷേധിച്ചതിനെ തുടർന്ന് ഒരാളുടെ വീട് ഇടിഞ്ഞുവീഴുന്ന സ്ഥിതി വന്നു. കാസർകോട് പോലുള്ള പിന്നാക്ക ജില്ലകളിൽ 26 സെന്റായാൽ വലിയ സമ്പന്നനായി എന്നാണോ..?
തെരുവു വിളക്കിനായി 35 ലക്ഷം അടച്ചു. സോളാർ പാർക്കിനായി 257 ഏക്കർ ഭൂമി നൽകിയതു അബദ്ധമായി. 5 സെന്റ് ഭൂമി നഷ്ടപ്പെട്ടവന് കിണർ കുഴിച്ച് നൽകാൻ പോലും ഇവർ തയ്യാറല്ല. കിഫ്ബിയിൽ ഉൾപ്പെടുത്താൻ നൽകിയ റോഡ് നവീകരണ ലിസ്റ്റിൽ മുൻ എം.പിയുടെ വീട്ടിന് മുന്നിലൂടെയുള്ള റോഡ് മാത്രമാണ് പരിഗണിച്ചത്. രണ്ട് കോടിയുടെ ഐ.ടി.ഐ കെട്ടിടം ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന് വേണ്ടി മൂന്ന് തവണ മാറ്രി. ഇതാണ് അവസ്ഥയെന്നും നേതാക്കൾ പറയുന്നു.