goury

നീലേശ്വരം: നാളെയുടെ ഭാഗ്യം വില്ക്കുമ്പോൾ ഗൗരി അന്തർജനം നാളെയെക്കുറിച്ച് ഓർക്കാറില്ല. അന്നത്തെ അന്നത്തിനുള്ള വക,​ അത്രയേയുള്ളൂ മോഹം. വയസ് 80 ആയെങ്കിലും വീട്ടിലിരിക്കാനാവില്ല. ഇരുന്നിട്ട് കാര്യവുമില്ല. അരവയർ നിറയണമെങ്കിൽ നടന്നലഞ്ഞ് ലോട്ടറി വില്പന നടത്തിയേ തീരൂ. രാവിലെ എഴുന്നേറ്റ്‌ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. ഒമ്പതു മണിയോടെ ടിക്കറ്റ് വില്പന തുടങ്ങും. നീലേശ്വരം നഗരം മുഴുവൻ ചുറ്റും.

അവിവാഹിതയായ സഹോദരി സൗദാമിനി അന്തർജനത്തിന് പുതുക്കൈ ചൂട്‌വത്ത് ഏഴു സെന്റ് ഭൂമിയിൽ ചെറിയൊരു വീടുണ്ട്. അവിടെ ഇരുവരും മാത്രം. സഹോദരി വീട്ടുവേലയ്ക്കു പോകും. ഗൗരി അന്തർജനം

ഇരുപതാമത്തെ വയസിൽ വിവാഹം കഴിച്ചതാണ്. പയ്യന്നൂരിനടുത്ത് വടശ്ശേരി സ്വദേശിയെ. പക്ഷേ, ബന്ധം നിലനിന്നില്ല. അതിനുശേഷം പല ജില്ലകളിലായി വീട്ടുജോലി ചെയ്തു കഴിഞ്ഞു. അതിനുള്ള കെൽപ്പില്ലായതോടെ കഴിഞ്ഞ 15 വർഷമായി ലോട്ടറി വില്പനയാണ് ജീവിതമാർഗം. 28 വർഷം ശബരിമല ദർശനവും നടത്തിയിട്ടുണ്ട്. ദിവസവും ഇവരുടെ ടിക്കറ്റിനു വേണ്ടി കാത്തിരിക്കുന്നവർ ഏറെയുണ്ട്. ഭാഗ്യം പ്രതീക്ഷിച്ചല്ല. ഇതിൽ നിന്നുള്ള കമ്മിഷനാണ് അന്തർജനത്തിന്റെ ഏക വരുമാനമാർഗമെന്ന് അവർക്കറിയാം.

''ഊന്നുവടിയുമായി നടക്കാൻ പറ്റുന്നിടത്തോളം ലോട്ടറി വില്ക്കും. പിന്നെ, ആരെങ്കിലും സഹായിക്കും. അല്ലെങ്കിൽ? അല്ലെങ്കിൽ എന്ത് ചെയ്യാനാ...

-ഗൗരി അന്തർജനം.