കാസർകോട്: നീർച്ചാൽ മാന്യയിലെ പൊതുകുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആലംപാടി റഹ്മാനിയ നഗർ ബാഫഖി നഗറിലെ ഷാഫി - താഹിറ ദമ്പതികളുടെ മകൻ അബ്ദുൾ ഖാദർ (17), ആലംപാടി ബെള്ളൂറടുക്കയിലെ ഓട്ടോ ഡ്രൈവർ ബി.എ മുഹമ്മദ് - സഫിയ ദമ്പതികളുടെ മകൻ അബൂബക്കർ സാലിഹ് (18) എന്നിവരാണ് മരിച്ചത്. കുമ്പള അക്കാഡമിയിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് സാലിഹ്. അബ്ദുൾ ഖാദർ കംപ്യൂട്ടർ വിദ്യാർത്ഥിയാണ്.
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് ഇവരെ കാണാതായത്. പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അവധി ദിവസമായതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മുപ്പതോളം പേരാണ് കുളത്തിൽ കുളിച്ചുകൊണ്ടിരുന്നത്. അബ്ദുൾ ഖാദറിനും സാലിഹിനുമൊപ്പം സുഹൃത്തുക്കളായ ആറു യുവാക്കൾ കൂടി ഉണ്ടായിരുന്നു. കുളത്തിന്റെ അടിഭാഗത്ത് ചെളിയിൽ കാലുകൾ പൂണ്ടുപോയതാണ് യുവാക്കൾക്ക് രക്ഷപ്പെടാൻ കഴിയാതെ പോയതെന്ന് പറയുന്നു.