സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമിക്ക് നികുതി അടയ്ക്കുന്നത് ക്ഷേത്രകമ്മിറ്റി
കോഴിക്കോട്: മാവൂർ തെങ്ങിലക്കടവിലെ പട്ടികജാതിക്കാരുടെ ആരാധനാകേന്ദ്രമായ മുത്തശ്ശിക്കാവ് സമീപവാസികൾ കയ്യേറുന്നതായി പരാതി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭൂമിയിലാണ് അനധികൃത കയ്യേറ്റം നടക്കുന്നത്.
ക്ഷേത്രകമ്മിറ്റി സ്ഥലത്തിന്റെ രേഖകൾ അടയ്ക്കുകയും അവരുടെ കൈവശം അനുബന്ധരേഖകൾ നിലനിൽക്കെയുമാണ് കയ്യേറ്റം . പുരാവസ്തു വകുപ്പിന്റെ രേഖകളിലും കാവിന്റെ സ്ഥലം ഉൾപ്പെടുന്നുണ്ട്.
1989ന് ശേഷമാണ് സമീപവാസിയായ യുവാവ് പതിനെട്ട് സെന്റ് കാവിന്റെ പകുതിയിൽ കൂടുതൽ ഭാഗം അവരുടെതാണെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. എന്നാൽ ആ കാലത്ത് കാവിലേക്ക് ആളുകൾ ചെല്ലുന്നത് കുറവായതിനാൽ കയ്യേറ്റം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. 2016 ഓടെ പൂജയിൽ ചില പ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് കാവിൽ മാസപൂജയ്ക്കായി ക്ഷേത്രകമ്മിറ്റി അംഗങ്ങൾ വരാൻ തുടങ്ങിയതോടെയാണ് കയ്യേറ്റം പുറത്തറിയുന്നത്. അതുവരെ കയ്യേറ്റം നടന്ന സ്ഥലത്തിന് ഉൾപ്പെടെയുള്ള നികുതി ക്ഷേത്രകമ്മിറ്റിയാണ് അടച്ച്കൊണ്ടിരുന്നത്. പ്രശ്നം തീരുമാനമാവുന്നതുവരെ നികുതി സ്വീകരിക്കേണ്ടെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന കയ്യേറ്റമായതിനാൽ കയ്യേറ്റം നടത്തിയ വ്യക്തി മരണപ്പെട്ടു. ഇപ്പോൾ അയാളുടെ മക്കളാണ് സ്ഥലം കൈയ്യടക്കിയിരിക്കുന്നത്. ഇതിൽ ഒരാൾ സ്ഥലം വിട്ടുതരാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മറ്റ് രണ്ടുപേർ പിന്മാറാൻ തയ്യാറാവുന്നില്ല. മുൻപ് മുത്തശ്ശിക്കാവിന്റെ സ്ഥലവുമായി ബന്ധപ്പെട്ടു നടന്ന കേസിലെ വിധി ഇവർക്ക് അനുകൂലമാണ് എന്ന അവകാശവാദമാണ് ഇവർ ഉന്നയിക്കുന്നത്.
മുത്തശ്ശിക്കാവ് ഭൂമിയിൽ സ്വകാര്യവ്യക്തി നടത്തുന്ന കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാവ് ഭാരവാഹികൾ നൽകിയ പരാതിയുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തിൽ നിരവധി ചർച്ചകളും മറ്റും നടത്തിയെങ്കിലും ഇതിൽ പരിഹാരം കാണാത്തതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പട്ടിക വിഭാഗം സമുദായ സംഘടനകളെ സമീപിച്ചു. തുടർന്ന് ജില്ലയിലെ ദളിത് സമുദായ സംഘടനകളുടെ നേതൃത്വത്തിൽ പട്ടികജാതി/വർഗ്ഗ ആചാര സംരക്ഷണ സമിതിക്ക് രൂപം കൊടുക്കുകയും മുത്തശ്ശിക്കാവ് ഭൂമി കയ്യേറ്റത്തിനെതിരെ വിവിധ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. സമിതി കളക്ടർക്ക് പരാതി നൽകിയതിനെത്തുടർന്ന് മറുപടിക്ക് കാത്തിരിക്കുകയാണ് ഇപ്പോൾ.
"എതിർഭാഗം സ്ഥലം അവരുടെതാണെന്ന് തെളിയിക്കുന്നതിനുള്ള മുഴുവൻ രേഖകളുമായി വരട്ടെ. ഞങ്ങളും രേഖകൾ എടുക്കാം. സ്ഥലം ഞങ്ങളുടേതല്ലെന്ന് തെളിയിച്ചാൽ അവകാശവാദം നിർത്താൻ ഞങ്ങൾ തയ്യാറാണ്".
- ഷാജു കുമാർ (ക്ഷേത്രകമ്മിറ്റി സെക്രട്ടറി)
"സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റത്തിന് പിന്തുണ നൽകുന്ന അധികൃതരുടെ സമീപനത്തിനെതിരെ നിരാഹാര സമരമുൾപ്പെടെ വമ്പിച്ച പ്രക്ഷോഭ പരിപാടികൾ നടത്തും. മുത്തശ്ശി കാവിന്റെ ഭൂമി ഉപാധിരഹിതം തിരിച്ചു നൽകണം".
- സതീഷ് പാറന്നൂർ (പ്രസിഡന്റ്, പട്ടികജാതി/വർഗ്ഗ ആചാര സംരക്ഷണ സമിതി)