കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂർ കൊണ്ട് കാസർകോട്ട് എത്താവുന്ന സെമി ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ ആകാശ സർവേ കരാർ കാൺപൂർ ഐ.ഐ.ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ജിയോക്നോ' എന്ന സ്ഥാപനത്തിന് നൽകാൻ നിർമ്മാണച്ചുമതലയുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് തീരുമാനിച്ചു. ഹെലികോപ്ടർ ഉപയോഗിച്ച് അത്യാധുനിക ലിഡാർ സംവിധാനത്തിൽ മൂന്ന് മാസത്തിനകം സർവേ പൂർത്തിയാക്കും.
നിർമ്മാണം നടക്കുന്ന 510 കിലോമീറ്റർ മുംബയ് - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ ആകാശ സർവേയും നടത്തിയത് ജിയോക്നോ ആയിരുന്നു.
531 കിലോമീറ്ററാണ് സെമി ഹൈസ്പീഡ് പാതയുടെ നീളം. 56,433 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ 34,000 കോടി ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസിയിൽ നിന്ന് കടമെടുക്കും. പാത സാമ്പത്തികമായി വിജയിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ പാരീസ് ആസ്ഥാനമായുള്ള 'സിസ്‌ട്രാ' എന്ന ഏജൻസി റിപ്പോർട്ട് നൽകിയിരുന്നു.
180 കിലോമീറ്റർ വേഗതയിലാവും ഇതിലൂടെ ട്രെയിൻ ഓടിക്കുക. പാത വരുന്നതോടെ സംസ്ഥാനത്തെ റോഡുകളിലെ ഗതാഗതം 21 ശതമാനം വരെ കുറയുമെന്നാണ് പഠന റിപ്പോർട്ട്. സോളാർ എനർജി ഉപയോഗിച്ചാവും ട്രെയിൽ ഓടിക്കുക. 1.8 ലക്ഷം ടൺ കാർബൺ അന്തരീക്ഷത്തിൽ കലരുന്നത് ഇതിലൂടെ ഒഴിവാക്കാനാവും.
ലിഡാർ സർവേ
സർവേ നടത്തേണ്ട ഭൂമിയുടെ ഉപരിതലത്തിലേക്ക് ഹെലികോപ്ടറിൽ നിന്ന് ലേസർ രശ്മി കടത്തിവിടും. ഇവ ഭൂമിയിൽ തട്ടി പ്രതിഫലിക്കുന്നത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി വിശകലനം ചെയ്തെടുക്കും. കൃത്യതയാണ് ലിഡാർ സർവേയുടെ പ്രത്യേകത. എല്ലാ വസ്തുവിന്റെയും സാന്നിദ്ധ്യം ലിഡാർ രേഖപ്പെടുത്തും.
തിരു.- മുംബയ് 10 മണിക്കൂറിൽ!
മറ്റൊരു വമ്പൻ പദ്ധതിയുമായി കേരളത്തിന്റെ സഹകരണം കൊങ്കൺ റെയിൽവേ തേടിയിരിക്കയാണ്. ഇരട്ടിപ്പിക്കൽ ജോലികൾ ഉടൻ തുടങ്ങുന്ന മംഗലാപുരം - മുംബയ് പാതയുമായി കേരളത്തെ ബന്ധിപ്പിക്കലാണിത്. പുതിയ പാത സെമി ഹൈസ്പീഡായി നിർമ്മിച്ച് കാസർകോട് വരെ നീട്ടി നമ്മുടെ ലൈനുമായി ബന്ധിപ്പിക്കും. അങ്ങനെയെങ്കിൽ പത്ത് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് മുംബയിൽ എത്താം.
.