കോഴിക്കോട്: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അര ലിറ്റർ മണ്ണെണ്ണയായിരുന്നു കാർഡുടമകൾക്ക് ഇതുവരെ നൽകിയിരുന്നത്. അത് 350 മില്ലി ലിറ്റർ ആയി കുറച്ചിരിക്കുകയാണ്. ഇത്രയും ചെറിയ അളവ് മണ്ണെണ്ണ വിതരണം ചെയ്യുമ്പോൾ ലീക്കേജ് ഇനത്തിലും മറ്റും നഷ്ടം സംഭവിക്കും. ഇത് ഡീലർമാരെയാണ് ബാധിക്കുക. ഈ സാഹചര്യത്തിൽ മൂന്ന് മാസത്തെ മണ്ണെണ്ണ ഒന്നിച്ച് വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു.

റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ യഥാസമയം എത്തിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൊത്തവിതരണ സമ്പ്രദായം അവസാനിപ്പിച്ചപ്പോൾ ഗോഡൗൺ ചുമതലയുള്ള ഉദ്യോഗസ്ഥരും കരാറുകാരും തൊഴിലാളികളും ചേർന്ന് റേഷൻ സംവിധാനത്തെ അട്ടിമറിക്കുന്ന മാഫിയയായി പ്രവർത്തിക്കുകയാണ്. ഇതിനെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. റേഷൻ കടകളിൽ എല്ലാ മാസവും 15നകം ഭക്ഷ്യവസ്തുക്കൾ എത്തേണ്ടതാണ്. എന്നാൽ പലയിടത്തും 27ാം തീയതിയും മറ്റുമാണ് എത്തുന്നത്. ഇതുകാരണം യഥാസമയം വിതരണം ചെയ്യാൻ പറ്റുന്നില്ല. റേഷൻ വ്യാപാരികൾക്കുള്ള വേതനം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ വേതനത്തിന് മൂന്നു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി, ട്രഷറർ ഇ അബൂബക്കർ ഹാജി, സെക്രട്ടറി പി പവിത്രൻ, കെ.പി അഷ്റഫ് എന്നിവരും പങ്കെടുത്തു.