മുക്കം: കുമാരനെല്ലൂർ കൽപ്പൂര് മഠംപറമ്പ് കരുവൻ കരിയാത്തൻ ക്ഷേത്രഭൂമി കയ്യേറാൻ കുമാരനെല്ലൂർ വില്ലേജ് ഓഫീസർ ഒത്താശ നൽകിയെന്നാരോപിച്ചും വില്ലേജ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ചും ക്ഷേത്ര വിശ്വാസികൾ കുമാരനെല്ലൂർ വില്ലേജ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. കാരമൂലയിൽ നിന്നാരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഹംസാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭൂമി അധാർമ്മികമായി ആര് കൈവശപ്പെടുത്തിയാലും എതിർക്കേണ്ടത് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര കുളം ചിലർ ബലമായി മണ്ണിട്ടുനികത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നികത്തിയ കുളം പൂർവ്വസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ധർണ്ണക്കാർ ആശ്യപ്പെട്ടു. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് അരവിന്ദാക്ഷൻ തുമ്പോണ അദ്ധ്യക്ഷത വഹിച്ചു. കാരശേരി പഞ്ചായത്ത് അംഗം വി.എൻ. ജംനാസ്, ഭാസ്കരൻ നീലേശ്വരം, മാതൃ സമിതി ജില്ലാ വൈസ് പ്രസിഡൻറ് മിനി ഹരിദാസ്, ശാന്താദേവി മൂത്തേടത്ത്, പി. ശ്രീ'ധരൻ എന്നിവർ സംസാരിച്ചു. ഷിബു പൂയോറമ്മൽ, സഹദേവൻ മേലായിൽ, വിനോദൻ മൂത്തേടത്ത്, സൗമിനി മണിയമ്പററ, ജയ മൂലത്ത് എന്നിവർ നേതൃത്വം നൽകി.