കോഴിക്കോട്: നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അർഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ആരോഗ്യ രംഗത്തെ സ്ഥിരം പദ്ധതികൾക്ക് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടത്തിവരുന്നത്. സ്‌നേഹസ്പർശം പദ്ധതിയിലുൾപ്പെടുത്തി ഡയാലിസിസിന് വിധേയമാവുന്ന രോഗികൾക്ക് ഓരോ വർഷവും നാല് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിനായി ജില്ലയിൽ രണ്ട് ഷെൽട്ടർ ഹോമുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് പരിചാരകരുടെ സേവനവും മരുന്നും ഭക്ഷണവുമെല്ലാം രോഗികൾക്ക് സൗജന്യമായാണ് ഇവിടെ ലഭിക്കുന്നത്.
ആയുർവേദ ചികിത്സ രംഗത്തെ മികച്ച പ്രവർത്തനത്തിന് ആയുഷ് കോൺക്ലേവിൽ അംഗീകാരത്തിനർഹമായ സ്പന്ദനം എന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് നടത്തി വരുന്നു. പഠന വൈകല്യമുള്ളതും മാനസിക വളർച്ചയെത്താത്തതുമായ കുട്ടികളെ ചികിത്സിച്ച് മറ്റ് കുട്ടികൾക്കൊപ്പമെത്തിക്കുന്ന ശ്രദ്ധേയമായ പദ്ധതിയാണ് സ്പന്ദനം. ഹോമിയോ ചികിത്സാരംഗത്തും മികവാർന്ന പ്രവർത്തനമാണ് ജില്ലാ പഞ്ചായത്ത് കാഴ്ചവെക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കായി ആരംഭിച്ച ചികിത്സാപദ്ധതിയായ സീതാലയത്തിൽ 150 ദമ്പതികളാണ് ഉൾപ്പെട്ടത്. പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു. ജില്ലാ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്കായി പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.