അയ്യായിരം വീടുകളിൽ 5 ലക്ഷം പച്ചക്കറികൾ
ഫറോക്ക്: സിപിഎം ബേപ്പൂരിൽ പുതിയൊരു രാഷ്ട്രീയ സംസ്ക്കാരത്തിന് തുടക്കമിടുകയാണ്. അക്രമവും അഴിമതിയും ആരോപണ- പ്രത്യാരോപണങ്ങളുമില്ലാത്ത പച്ചക്കറി രാഷ്ട്രീയം. ജൈവ പച്ചക്കറി കൃഷിയുമായി പ്രോത്സാഹനത്തിന്റെ ഭാഗമായി സിപിഎം ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേപ്പൂർ മണ്ഡലത്തിലെ 50,000 വീടുകളിൽ പച്ചക്കറി തൈകൾ നൽകി ജനകീയ കൃഷി നടത്തും. ഒരു പായ്ക്കറ്റ് വളവും ഓരോ വീടുകൾക്കും നൽകും. പദ്ധതിയിൽ അഞ്ച് ലക്ഷം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുക.
ജനകീയ പച്ചക്കറി പ്രസ്ഥാനം
തൈകൾ വീടുകളിലെത്തിക്കും
കൃഷി ചെയ്യാൻ സഹായിക്കും
അയ്യായിരം വോളന്റിയർമാർ
എല്ലാ വിഭാഗം ജനങ്ങളെയും കണ്ണികളാക്കിയ ഒരു വലിയ ജനകീയ പ്രസ്ഥാനമായി ജൈവ പച്ചക്കറികൃഷി നടത്തുകയാണ് സിപിഎം ലക്ഷ്യം. പയർ, വെണ്ട, മുളക് വഴുതന എന്നിവയാണ് ആദ്യഘട്ടത്തിൽ തൈകളായി വീടുകളിൽ നൽകുക. ജനകീയ ബോധവൽക്കരക്കണം, നിലമൊരുക്കൽ, തൈ നടീൽ, വളപ്രയോഗം , തുടർ പരിപാലനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും സന്നദ്ധ സേവകർ കൃഷി നടത്തിപ്പിനായി വീട്ടുകാരെ സഹായിക്കും. പത്ത് വീടുകൾക്ക് ഒരു പാർട്ടി പ്രവർത്തകൻ സന്നദ്ധ സേവകനായി പ്രവർത്തിക്കും. ഇത്തരം അയ്യായിരം വോളന്റിയർമാരാണ് പ്രവർത്തനരംഗത്തിറങ്ങുക. അൻപത് വീടുകൾക്ക് ഒരു ഹൗസ് ക്ലസ്റ്റർ എന്ന നിലയിൽ രൂപീകരിക്കുന്ന ജനകീയ കൂട്ടായ്മ വീടുകളെയും പ്രവർത്തകരെയും കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകും.ബേപ്പൂർ മണ്ഡലത്തിൽ ഇരുപത്തിമൂന്ന് മേഖലകളായി ഈ മാസം 4 ,5, 6 തീയതികളിൽ മേഖല കൺവെൻഷനുകൾ ചേർന്ന് സമിതികൾ രൂപീകരിക്കും. ഈ കമ്മിറ്റികളുടെ നേതൃത്വത്തിലാകും തൈ ഉൽപ്പാദനവും വിതരണവും .സെപ്തബർ അവസാനത്തോടെ വിളവെടുക്കാവുന്ന നിലയിലാണ് കാർഷിക കലണ്ടർ തയ്യാറാക്കുന്നത്.പദ്ധതി നടത്തിപ്പിന്റെ മുന്നോടിയായി ചെറുവണ്ണൂരിൽ നടന്ന മണ്ഡലം തല കാർഷിക ശില്പ ശാലയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.ഏരിയാ സെക്രട്ടറി എം ഗിരീഷ് പദ്ധതി വിശദീകരിച്ചു. പറന്നാട്ടിൽ പ്രേമൻ, ചന്ദ്രൻ ചാലിയകത്ത് , കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.എം ഗോപാലകൃഷ്ണൻ സ്വാഗതവും, റിസാം അഹമ്മദ് നന്ദിയും പറഞ്ഞു.