കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അമൃത് പദ്ധതി നടത്തിപ്പിൽ ഒരു സോളാർ കരസ്പർശം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷന്റെ അമൃത് പദ്ധതി അഴിമതിക്കെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കോർപ്പറേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ കോടിക്കണക്കിന് രൂപയുടെ നഗര വികസന പദ്ധതിയുടെ കൺസസൾട്ടൻസി യാതൊരു മുൻപരിചയവുമില്ലാത്ത ഒരു തട്ടിക്കൂട്ട് സ്ഥാപനത്തിന് നൽകിയതിൽ വൻ അഴിമതി ഉണ്ട്. ഈ അഴിമതിയിൽ സംസ്ഥാന മന്ത്രിസഭയിലെ ഒരു സീനിയർ മന്ത്രി, കോഴിക്കോട്ടെ ഒരു സീനിയർ സി.പി.എം നേതാവ്, കോഴിക്കോട്ടെ ഒരു യുവ എം.എൽ.എ, മുതിർന്ന ഐ. എ.എസ് ഉദ്യോഗസ്ഥൻ എന്നിവർക്ക് പങ്ക് ഉണ്ട്. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. ഇതിനെതിരെ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ സാധിക്കും. പദ്ധതിക്കാവശ്യമായ പണത്തിന്റെ പകുതി നൽകുന്നത് കേന്ദ്രസർക്കാറാണ്. അന്വേഷണത്തിന് സർക്കാർ തയ്യാറല്ലങ്കിൽ മറ്റ് പോംവഴി തേടും. കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന് പരാതി നൽകും.

ഇനി ഒരു ഇടത് പക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരില്ലെന്ന കാരണത്താൽ മുഖ്യമന്ത്രി അഴിമതിയിലൂടെ പണം വാരിക്കൂട്ടാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. പി ജയചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ജിതേന്ദ്രൻ സ്വാഗതം പറഞ്ഞു. മുതലക്കുളത്ത് നിന്ന് പ്രകടനമായിട്ടാണ് കോർപ്പറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിൽ എത്തിയത്. എന്നാൽ പൊലീസ് ഓഫീസ് കവാടത്തിൽ ബാരിക്കേഡ് തീർത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാർച്ച് എത്തിയ സമയത്ത് പൊലീസുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പിന്നീട് പ്രവർത്തകർ ശാന്തമായി.