പേരാമ്പ്ര : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും ഉണ്ടായ പരാജയം താൽക്കാലികം മാത്രമാണെന്ന് കഴിഞ്ഞ ദിവസം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ പറഞ്ഞു. ലോകസഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയം സിപിഎമ്മിന്റെ അവസാനമാണെന്ന് ആരും കരുതേണ്ടെന്നും തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ചെറുവണ്ണൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയും പേരാമ്പ്ര ഏരിയാ കമ്മിറ്റ അംഗവുമായിരുന്ന സി. ഗംഗാധരന്റെ പത്താം ചരമവാർഷിക ദിനത്തിൽ സിപിഎം ചെറുവണ്ണൂർ, ആവള ലോക്കൽ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ചഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായി ജനവികാരമുണ്ടായില്ല. കേരളത്തിൽ നടക്കുന്ന വികസന രാഷ്ട്രീയത്തെപ്പറ്റി ജനങ്ങളെ ബോധവാൻമാരാക്കും. എൽ ഡി എഫിന്റെ പരമ്പരാഗത വോട്ടിലുണ്ടായ കുറവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. ഏരിയാ കമ്മറ്റി അംഗം എം കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, ജില്ലാ സെക്രട്ടരിയറ്റംഗം കെ. കുഞ്ഞമ്മത്, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.കെ. പത്മനാഭൻ, എ.കെ ബാലൻ, ഏരിയാ സെക്രട്ടരി എൻ.പി ബാബു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി ബിജു സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും നടന്നു.