ബാലുശ്ശേരി: എകരൂൽ ഇയ്യാട് റോഡിലെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത് മാറ്റി. മൊകായിക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനായിരുന്നു പൊട്ടിയത് .പൈപ്പ് ലൈൻ പൊട്ടിയതിനെ റോഡ് തകർന്നതും കുടിവെള്ളം മുടങ്ങിയതുമായ വാർത്ത ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് എസ്റ്റേറ്റ് മുക്ക്, എകരൂൽ, പരപ്പിൽ, ഇയ്യാട്, വള്ളിയോത്ത്, ഉളിങ്കുന്ന്, കപ്പുറം ഭാഗത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുടിവെള്ളം മുടങ്ങിയിരുന്നു.
ഇന്നലെ വൈകീട്ടോടെ പൈപ്പ് ഇടൽ പൂർത്തിയായെങ്കിലും വോൾട്ടേജ് കുറവായതിനാൽ വെള്ളമടിച്ച് ട്രയൽ റൺ നടത്താൻ കഴിഞ്ഞില്ല. അതു കൊണ്ട് തന്നെ ഇന്ന് പുലർച്ചെ ടെസ്റ്റിംഗ് നടത്തി വിതരണം ഉറപ്പാക്കിയ ശേഷമേ പൈപ്പ് പൂർണ്ണമായും മൂടുകയുള്ളൂ. അതിന് ശേഷം മാത്രമെ കുടിവെള്ള വിതരണവും നടക്കുകയുള്ളൂ. ഒപ്പം തന്നെ തകർന്ന റോഡ് ശരിയാക്കും .
ഇപ്പോൾ പൊട്ടിയ പൈപ്പുകൾ കാലഹരണപ്പെട്ട ആസ്ബറ്റോസ് സിമന്റ് പൈപ്പുകളാണ്. ഇവയ്ക്ക് 25 വർഷത്തോളം പഴക്കമുണ്ട്. ഇപ്പോൾ മാറ്റി സ്ഥാപിച്ചതും എ.സി. പൈപ്പുകൾ തന്നെയാണ്. വെള്ളത്തിന്റെ സമ്മർദ്ദം കാരണം ഈ പൈപ്പുകൾ പലപ്പോഴും പൊട്ടാറുണ്ട്. നിലവിൽ എകരൂൽ ടൗൺ വരെ എ.സി.പൈപ്പുകൾ മാറ്റി ഡി.ഐ (ജപ്പാൻ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പൈപ്പുകൾ ) പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എകരൂൽ മുതൽ വള്ളിയോത്ത് വരെ ഇപ്പോഴും എ.സി. പൈപ്പുകളാണ് ഉള്ളത്. ഇവിടുത്തെ എ.സി.പൈപ്പുകൾ മാറ്റി ഡി.ഐ.പൈപ്പുകളാക്കി മാറ്റണമെങ്കിൽ പി.ഡബ്ലിയു.ഡിയുടെ അനുവാദം ലഭിക്കണം ലഭിക്കണം.