പന്തീരങ്കാവ്: മലബനി രോഗം റിപ്പോർട്ട് ചെയ്തതിനെതുടർന്ന് ആരോഗ്യ വകുപ്പിന്റെ അതീവ ജാഗ്രതാ നിദ്ദേശം. ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ മലേറിയ ശാസ്ത്രീയ പരിശോധന കളിലൂടെ കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം ബാധിച്ച ആളുടെ വീട്ടിനകത്തും പരിസരത്തും കൊതുക് വളരുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പുവരുത്താൻ ആരോഗ്യ പ്രവർത്തകരും വളണ്ടിയർമാരും വീടുവീടാന്തരം കയറി ബോധവൽക്കരണവും ,ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി വരികയാണ്.
കൊതുകുകളെ നശിപ്പിക്കാനുള്ല പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പനിക്ക് ചികിത്സ തേടുന്നവരുടെ പൂർണ വിവരങ്ങൾ ആരോഗ്യ കേ ന്ദ്രത്തിന് കൈമാറുവാൻ പഞ്ചായത്തിലെ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊതുകുകളുടെ വളർച്ച തടയുക എന്നതാണ് പ്രധാനം , ശുദ്ധ ജലത്തിലാണ് ഈകൊതുകുകൾ മുട്ട ഇട്ടുവളരുക. ആയതിനാൽ ഉപയോഗിക്കാത്ത കിണറുകൾ, കെട്ടി നിർത്തിയ വെള്ളം,മൂടിയില്ലാതെ ശേഖരിച്ച് വച്ച വെള്ളം,കുടിവെള്ള ടാങ്ക്, താമരക്കുളം എന്നിവയിൽ കൊതുക് വളരുന്നില്ല എന്ന് ഉറപ്പ് വരുത്തണം. പനി ഉള്ളവർ സ്വയം ചികിത്സ ചെയ്യരുത്. ആശുപത്രിയിൽ ചികിത്സ തേടുക.
സ്വകാര്യ ഹോസ്പിറ്റലിൽ ഇത്തരം രോഗങ്ങൾ ചികിത്സിക്കുബോൾ പാലിക്കേണ്ട പ്രോട്ടോകോൾ തന്നെ പിന്തുടരണം. ജനങ്ങളുടെ പരിപൂർണ്ണ മായ സഹകരണം ആവശ്യമാണെന്ന് ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.