കോഴിക്കോട്: തൊഴിലും വരുമാനവുമില്ലാതെ ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന വീ ടുഗതർ പദ്ധതിയ്ക്ക് നാളെ തുടക്കമാകും. കോർപ്പറേഷൻ പരിധിയിൽ ഏറെ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് വീ ടുഗതറിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭാ പരിധിയിൽ സ്ഥിരതാമസമാക്കിയവരിൽ തൊഴിലും വരുമാനവുമുള്ളവരായി ഒരാൾ പോലുമില്ലാത്ത കുടുംബങ്ങളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.

@ വീ ടുഗതറിന്റെ പ്രവർത്തനം
തൊഴിൽ സംരംഭം ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് ഇതിനുള്ള പരിശീലനവും സാമ്പത്തിക സഹായവും നൽകൽ, തൊഴിൽ എടുക്കാൻ താത്പര്യമുള്ളവർക്ക് തൊഴിലുറപ്പ് പദ്ധതി വഴിയോ മറ്റ് സ്വകാര്യ സംരംഭകർ വഴിയോ തൊഴിൽ ലഭ്യമാക്കൽ, സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ദേശീയ നഗര ഉപജീവന പദ്ധതി വഴി ആവശ്യമായ പരിശീലനവും കേന്ദ്ര സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റും നൽകി തൊഴിൽ ലഭ്യമാക്കൽ, തൊഴിൽ എടുക്കാൻ കഴിയാത്ത അർഹരായ എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരുക്കി നൽകി വിവിധ മേഖലകളിലൂടെ വരുമാനം ഉറപ്പാക്കും തുടങ്ങിയവയാണ് പദ്ധതിയുടെ പ്രവർത്തനം.

പദ്ധതിയുടെ നിർവ്വഹണത്തിനായി കോർപ്പറേഷൻ മേയർ ചെയർമാനും കുടുംബശ്രീ പ്രൊജക്ട് ഓഫീസർ കൺവീനറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും പാർട്ടി ലീഡർമാരും ഉൾക്കൊള്ളുന്ന 23 അംഗ കോർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തിന് വെള്ളയിൽ കസ്റ്റംസ് റോഡിലുള്ള ബുദ്ധ വിഹാറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ വീ ടുഗതർ ഉദ്ഘാടനം ചെയ്യും.

@ ഒരുമാസത്തിനുള്ളിൽ ഗുണഭോക്താക്കളെ കണ്ടെത്തും

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി അഞ്ചിന് ആരംഭിക്കുന്ന സർവേ ഒരുമാസം കൊണ്ട് പൂർത്തിയാക്കും.300 കുടുംബശ്രീ വളണ്ടിയർമാരാണ് സർവേ നടത്തുന്നത്. കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഇവർ പരിശീലനം പൂർത്തിയാക്കി. 2020 ഡിസംബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി.